ബുക്കിംഗ് സ്വീകരിച്ച ശേഷം ഉത്പാദനം നിർത്തി: ഫോഡ് ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ഡീലറായ കൈരളി ഫോഡ് അഡ്വാൻസ് തുക 2 ശതമാനം പലിശ സഹിതം ഒരു മാസത്ത


കോട്ടയം: വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഉത്പാദനം നിർത്തിയതിന് വാഹന നിർമാതാക്കളായ ഫോഡ് ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. അഭിഭാഷകനായ ജി. മനു നായർ വാഹനനിർമാതാക്കളായ ഫോഡ് ഇന്ത്യയുടെ ഫോഡ് എക്കോസ്‌പോർട്ട് ടൈറ്റാനിയം കാർ കോട്ടയത്തെ കൈരളി ഫോഡ് വഴി ബുക്ക് ചെയ്തിരുന്നു. 2021 ഓഗസ്റ്റ് 17ന് 2000 രൂപ അഡ്വാൻസ് നൽകിയാണ് ബുക്ക് ചെയ്തത്. 2021 ഡിസംബർ 30ന് വാഹനം ലഭിക്കുമെന്ന ഉറപ്പും ലഭിച്ചു. എന്നാൽ സെപ്റ്റംബർ ഒമ്പതിന് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. വാഹനത്തിന് അഡ്വാൻസ് തുക ബുക്കിംഗ് സ്വീകരിച്ച ശേഷം വാഹന നിർമാതാക്കൾ സ്വമേധയാ ബുക്കിംഗ് കാൻസൽ ചെയ്തത് പരാതിക്കാരന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി കമ്മീഷൻ കണ്ടെത്തി. നിർമാണവും വിൽപനയും നിർത്താൻ തീരുമാനിച്ച കമ്പനി ബുക്കിംഗും അഡ്വാൻസും സ്വീകരിക്കുന്നതിൽ നിന്ന് ഡീലർമാരെ വിലക്കാതിരുന്നത് വീഴ്ചയാണ്. പരസ്യം നൽകുന്ന നിർമാതാക്കളും വിൽപനക്കാരും ഉത്പന്നത്തിന്റെ മതിയായ സ്റ്റോക്ക് ഉറപ്പു വരുത്തണമെന്നും അതിന് സാധിച്ചില്ലെങ്കിൽ ബുക്കിംഗ് സ്വീകരിക്കരുതായിരുന്നെന്നും കമ്മീഷൻ വിലയിരുത്തി. വാഹന നിർമാതാക്കളായ ഫോഡ് ഇന്ത്യ പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഡീലറായ കൈരളി ഫോഡ് അഡ്വാൻസ് തുകയായ 2000 രൂപ 12 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം തിരികെ നൽകാനും അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ലാഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.