ഈടായി നൽകിയ ആധാരം തിരികെ നൽകിയില്ല: ബാങ്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി


കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയതിന് വസ്തു ഉടമയ്ക്ക് ഐ.ഡി.ബി.ഐ. ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. കോട്ടയം പാമ്പാടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഡോ. അനിൽ കുമാർ മകന്റെ വിദ്യാഭ്യാസആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐ.ഡി.ബി.ഐ. ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസൽ ആധാരവും മുന്നാധാരവും ബാങ്കിൽ ഈടായി നൽകി. ലോൺ അടച്ചുതീർത്തശേഷം വസ്തുവിന്റെ ആധാരവും മറ്റു രേഖകളും 2017 ൽ സംഭവിച്ച തീപിടിത്തത്തിൽ നശിച്ചുപോയതായി ബാങ്ക് അറിയിക്കുകയായിരുന്നു. 2020 ഡിസംബർ 18നാണ് വിവരം ഡോ. അനിൽ കുമാറിനെ അറിയിക്കുന്നത്. തുടർന്ന് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകി. തുടർന്ന് അസൽ ആധാരം തിരികെ നൽകാത്തതിനെതിരേ ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസൽ രേഖകളുടെ അഭാവം ഉടമസ്ഥാവകാശത്തിൽ സംശയം ജനിപ്പിക്കാനും സ്ഥലത്തിന്റെ കമ്പോള വിലയിൽ കുറവു വരുത്താനും ഇടയാക്കുമെന്ന് ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ വിലയിരുത്തി. ഈടായി നൽകിയ പ്രമാണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാതിരുന്നത് ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഭാഗത്തുനിന്നുമുണ്ടായ സേവനന്യൂനതയാണെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കണ്ടെത്തി. ഹർജിക്കാരന് ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാൻ ഉത്തരവിട്ടു. അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.