45,182 കുടുംബങ്ങൾക്ക് 771207 തൊഴിൽദിനങ്ങൾ! ജില്ലയിൽ തൊഴിലുറപ്പ് വേതന വിതരണം 99.94 ശതമാനം.


കോട്ടയം: കോട്ടയം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ സമയബന്ധിതമായി വേതനം നൽകുന്നതിൽ ജില്ല 99.94 ശതമാനം നേട്ടം കൈവരിച്ചു. 45,182 കുടുംബങ്ങൾക്ക് 771207 തൊഴിൽദിനങ്ങൾ നൽകി. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ കോട്ടയം കലക്ടറേറ്റിൽ ചേർന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ രണ്ടാം  അവലോകന യോഗത്തിലാണ്‌ വിലയിരുത്തൽ. വിവിധ വകുപ്പുകളിലെ കേന്ദ്രാവിഷ്‌കൃത ഫണ്ടുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികളും എംപി ലാഡ്സ് എന്നിവയുടെ പുരോഗതിയും വിലയിരുത്തി. ഈ സാമ്പത്തികവർഷം ജൂണിൽ അവിദഗ്ധ വേതനമായി 27.27 കോടി രൂപയും മെറ്റീരിയൽ ഫണ്ടിനത്തിൽ അഞ്ചുകോടി രൂപയും ചെലവഴിച്ചു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എൻആർഎൽഎം പദ്ധതിയിൽ ഏപ്രിൽ മുതൽ ജൂൺ വരെ 86 ശതമാനം തുക ചെലവഴിച്ചു. മൈക്രോഫിനാൻസ്, മാർക്കറ്റിങ്‌, ട്രൈബൽ പ്രവർത്തനങ്ങൾ, ഫാം ലൈവ്ലി ഹുഡ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കാണ് തുക ചെലവഴിച്ചത്. പിഎംജിഎസ്‌ വൈ പദ്ധതിയിലുൾപ്പെടുത്തിയ 10 റോഡുകളുടെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന(നഗരം) പദ്ധതിപ്രകാരം  ഏപ്രിൽ മുതൽ ജൂൺ വരെ 35 വീടുകൾ പൂർത്തിയാക്കി. 4921 ഗുണഭോക്താക്കളിൽ 2275 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് നാലാംഘട്ട ഗഡുവിതരണം ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ 337 വീടുകളിൽ 257 വീടുകൾ പൂർത്തീകരിച്ചു.