വാഴൂർ പഞ്ചായത്തിനെ കാർബൺ ന്യൂട്രലാക്കാൻ കുട്ടി കർഷകരും.


വാഴൂർ: ഹരിത കേരള മിഷന്റെയും എസ്.വി.ആർ.വി എൻ. എസ്. എസ് സ്കൂളിന്റെയും നേതൃത്വത്തിൽ വാഴൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ എസ്.വി.ആർ.വി എൻ. എസ്. എസ് സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റ് വിദ്യാർത്ഥികൾ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പി റെജി നിർവഹിച്ചു. നവകേരളംകർമ്മ പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ പദ്ധതിയുടെ പഞ്ചായത്ത്‌ തല പ്രവർത്തനങ്ങളുടെ ഭാഗമായാണ് പച്ചക്കറി തൈ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. വാഴൂർ പഞ്ചായത്ത് കൃഷി ഭവനിൽ നിന്നും ലഭിച്ച വെണ്ട, ചീര, പയർ, തുടങ്ങിയ വിത്തുകൾ സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുട്ട ട്രേ, ചാക്ക് എന്നിവ പുനരുപയോഗിച്ച് അതിൽ വിത്തുകൾ പാകി മുളപ്പിക്കുകയാണ് ചെയ്തത്. മുളപ്പിച്ച തൈകൾ പഞ്ചായത്തിലെ അംഗൻവാടികളിലും, സ്കൂളിലും വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആദ്യ പടിയായി വാഴൂർ എസ്.വി.ആർ എൻ. എസ്. എസ് കോളേജിൽ ഹരിത ക്യാമ്പസിന്റെ ഭാഗമായി ആരംഭിയ്ക്കുന്ന കൃഷിയ്ക്കായി തൈകൾ കൈമാറി. വാഴൂർ കോളേജിലെ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ കെ. ജി ജയകുമാർ, വോളന്റീർസ് എന്നിവർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ൽ നിന്നും തൈകൾ ഏറ്റുവാങ്ങി. സ്കൂളിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ രണ്ട് അംഗൻവാടികളിൽ കൃഷി ആരംഭിയ്ക്കാനും, പഞ്ചായത്തിലെ ആറാം വാർഡിൽ ആരംഭിയ്ക്കുന്ന ഹരിത സമൃദ്ധി വാർഡ് പ്രവർത്തനങ്ങൾക്കായി തൈകൾ നൽകാനും തീരുമാനിച്ചു. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ജി. രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നവകേരളംകർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ അർച്ചന അനൂപ് പദ്ധതി വിശദീകരണം നടത്തി. പി. ടി. എ വൈസ് പ്രസിഡന്റ്‌ സ്മിത, വാഴൂർ കോളേജ് എൻ. എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ കെ. ജി ജയകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂളിലെ എൻ. എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ ബിന്ദു ജി നായർ, നവകേരളം കർമ്മ പദ്ധതി പ്രതിനിധി സി. യു അഞ്ജലി, അധ്യാപകർ എൻ. എസ്. എസ് വോളന്റീർസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ എൻ. എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ കെ. ജി ഹരികൃഷ്ണൻ സ്വാഗതവും, എൻ. എസ്. എസ് വോളന്റീർ അദ്വൈത് തീർത്ഥം നന്ദിയും പറഞ്ഞു.