സ്വദേശ് ദർശൻ 2.0 പദ്ധതി: കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ മൂന്നു പദ്ധതികൾ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന് അംഗീകാരത്തിനായി സമർപ്പിക്കും.


കോട്ടയം: ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി കുമരകത്ത് നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതിനായി കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ മൂന്നു പദ്ധതികൾ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന് അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കുമരകത്തെ പക്ഷിസങ്കേതം, നാലുപങ്ക് ഹൗസ്‌ബോട്ട് ടെർമിനൽ നൈറ്റ് ലൈഫ് കേന്ദ്രം, ആർപ്പൂക്കരയിലെ കൈപ്പുഴ മുട്ടിലെ ബോട്ട് ടെർമിനൽ, അയ്മനത്തെ ചീപ്പുങ്കൽ കായൽ പാർക്ക് എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതിനായി പരിഗണയ്ക്കായി സമർപ്പിക്കുക. പദ്ധതി രൂപരേഖയുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ട മറ്റു പദ്ധതികൾ തുടർന്നുള്ള ഘട്ടങ്ങളിൽ സമർപ്പിച്ച് നടപ്പാക്കും. 19 സംസ്ഥാനങ്ങളിലെ 36 വിനോദ സഞ്ചാര കേന്ദ്രങ്ങളാണു സ്വദേശ് ദർശൻ 2.0 യിലുള്ളത്. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങൾ ടൂറിസം കേന്ദ്രങ്ങളിൽ ഒരുക്കും.  കായൽ ടൂറിസം  അടിസ്ഥാനപ്പെടുത്തിയാകും കുമരകത്തെ പദ്ധതികൾ നടപ്പാക്കുക. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, വിജി രാജേഷ്, അഞ്ജു മനോജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മനോജ് കരീമഠം, റോയി മാത്യൂ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പദ്മകുമാർ, ഡി.റ്റി.പി.സി. സെക്രട്ടറി റോബിൻ സി. കോശി, മാസ്റ്റർപ്ലാൻ തയാറാക്കുന്ന ഐ.എൻ.ഐ. ഡിസൈൻ സ്റ്റുഡിയോയുടെ ആർക്കിടെക്റ്റ് ആനന്ദ് ജോർജ്, എ.കെ. ആലിച്ചൻ, ജനപ്രതിനിധികളായ സുനിത ബിനു, വിഷ്ണു വിജയൻ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.