'ഈ ബാങ്ക് ഇനി കോട്ടയം നഗരത്തിൽ പ്രവർത്തിക്കണോ വേണ്ടയോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കും'; ജെയിക് സി തോമസ്.


കോട്ടയം: ബാങ്ക് വായ്പ കുടിശിഖയായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരുടെ നിരന്തരമായ ഭീഷണിയിൽ വ്യാപാരി ആത്മഹത്യാ ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. 'ഈ ബാങ്ക് ഇനി കോട്ടയം നഗരത്തിൽ പ്രവർത്തിക്കണോ വേണ്ടയോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കും' എന്ന് ജെയിക് സി തോമസ് കോട്ടയത്ത് പറഞ്ഞു. കോട്ടയം അയ്മനം കുടയംപടിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ബിനു കെ.സി. (50) ആണ് തിങ്കളാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്. വായ്പ തവണ മുടങ്ങിയതിന്റെ പേരിൽ ബിനുവിനെ ഫോണിൽ വിളിച്ചും കടയിലും വീട്ടിലുമെത്തി ബാങ്ക് ജീവനക്കാർ നിരന്തരം ഭീഷണി മുഴക്കിയതിന്റെ മാനസിക സമ്മർദ്ദം മൂലമാണ് ജീവനൊടുക്കിയത്. തന്റെ അച്ഛൻ ആത്മഹത്യ ചെയ്തതല്ല ബാങ്ക് ജീവനക്കാർ മാനസികമായി തളർത്തി കൊന്നതാണെന്നും മകൾ നന്ദന പറഞ്ഞു. ഏതെങ്കിലുമൊരു വ്യാപാരിയുടെ കടയിൽക്കയറി അവരുടെ ചില്ലിക്കാശ് പിടിച്ചുപറിച്ചുകൊണ്ടുപോയാൽ, അതിൽനിന്ന് ലാഭം ഊറ്റിക്കുടിച്ച് വളരാമെന്നു വിചാരിച്ചാൽ, കർണാടക ബാങ്ക് പോലുള്ളവ ഇനി ഈ കോട്ടയത്ത് പ്രവർത്തിക്കണോ വേണ്ടയോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കും എന്നും ജെയിക് സി തോമസ് പറഞ്ഞു. രണ്ടു മാസത്തെ തവണ കുടിശിക പൂർണ്ണമായും അടച്ചു തീർത്ത ഇവരോട് ഈ മാസത്തെ തവണയും ഉടൻ തന്നെ അടയ്ക്കണമെന്ന് ബാങ്ക് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ വൻ പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്തുണ്ടാകുമെന്നും ജെയിക് സി തോമസ് പറഞ്ഞു. ബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു.