രണ്ടു വർഷം മുൻപ് കൊച്ചിയിൽ നിന്നും കാണാതായ യുവാവിനെ ഗോവയിൽ കൊലപ്പെടുത്തി, കോട്ടയം സ്വദേശികളായ 2 പേർ ഉൾപ്പടെ 3 പേർ അറസ്റ്റിൽ.


കൊച്ചി: രണ്ടു വർഷം മുൻപ് കൊച്ചിയിൽ നിന്നും കാണാതായ യുവാവിനെ ഗോവയിൽ കൊലപ്പെടുത്തിയാതായി സ്ഥിരീകരിച്ചു പോലീസ്. എറണാകുളം തേവര സ്വദേശിയായ ജെഫ് ജോൺ ലൂയിസ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം വെള്ളൂർ സ്വദേശി അനിൽ ചാക്കോ (28), ഇയാളുടെ പിതാവിന്റെ സഹോദരന്റെ മകൻ സ്റ്റെഫിൻ തോമസ് (24), വയനാട് മുട്ടിൽ നോർത്ത് സ്വദേശി ടി.വി.വിഷ്ണു (25) എന്നിവരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. 2021-ൽ നവംബറിൽ ആണ് ജെഫ് ജോൺ ലൂയിസിനെ കാണാനില്ല എന്ന് കാണിച്ചു അമ്മ ഗ്ലാഡിസ് ലൂയിസ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ലഹരി ഇടപാടും സാമ്പത്തിക തർക്കവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവർ കുറ്റം സമ്മതിച്ചതായും ഇവർ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും പോലീസ് പറഞ്ഞു. മറ്റൊരു കേസിൽ പിടിയിലായ വ്യക്തിയിൽ നിന്നു ലഭിച്ച വിവരങ്ങളാണു ജെഫ് ജോൺ ലൂയിസിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ചുരുളുകളഴിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.