കുറുപ്പന്തറയിൽ ബസ്സിൽ കയറാനായി ഓടിയെത്തിയ വീട്ടമ്മക്ക് ഭർത്താവിന്റെ കൺമുൻപിൽ വെച്ച് കെ എസ് ആർ ടി സി ബസ്സ് ഇടിച്ചു ദാരുണാന്ത്യം.


കോട്ടയം: കുറുപ്പന്തറയിൽ ബസ്സിൽ കയറാനായി ഓടിയെത്തിയ വീട്ടമ്മക്ക് ർത്താവിന്റെ കൺമുൻപിൽ വെച്ച് കെ എസ് ആർ ടി സി ബസ്സ് ഇടിച്ചു ദാരുണാന്ത്യം. കുറുപ്പന്തറ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടിൽ തോമസ് ചാക്കോയുടെ ഭാര്യ ജോസി തോമസ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ തോട്ടുവ – കുറുപ്പന്തറ റോഡിൽ കാഞ്ഞിരത്താനം ജംക്‌ഷനിലാണ് അപകടം. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്‌സറി സ്‌കൂളിലെ ഹെല്‍പറായിരുന്നു. വൈക്കം – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ ബസ്സ് എത്തുകയും ബസ്സിൽ കയറുന്നതിനായി ഓടിയെത്തുന്നതിനിടെ കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു. മുന്നോട്ടെടുത്ത ബസ്സ് ജോസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് എതിർവശത്ത് നിന്നും ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ജോസിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.