ഓപ്പറേഷൻ ഫോസ്‌കോസ്: സംസ്ഥാനത്ത് ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകൾ, കോട്ടയം ജില്ലയിൽ 111 പരിശോധനകൾ നടന്നു.


തിരുവനന്തപുരം: ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവിൽ ഒറ്റദിവസം 2931 പരിശോധനകൾ പൂർത്തിയാക്കിയതായി ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഭക്ഷ്യ സംരംഭക സ്ഥാപനങ്ങളിലാണ് വകുപ്പിന്റെ നേതൃത്വത്തിൽ ലൈസൻസ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ച 459 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തുന്നതുൾപ്പടെ നടപടികൾ സ്വീകരിച്ചു. മുൻകൂട്ടി അറിയിപ്പ് നൽകിയാണ് പരിശോധന നടത്തിയത്. പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഗസ്തിൽ നടത്തിയ പരിശോധനകളുടെ തുടർച്ചയായായാണ് നിലവിലെ പരിശോധന. 62 സ്‌ക്വാഡുകളാണ് പ്രവർത്തിച്ചത്. തിരുവനന്തപുരം - 614, കൊല്ലം - 396, പത്തനംതിട്ട - 217, ആലപ്പുഴ - 397, കോട്ടയം - 111, ഇടുക്കി - 201, തൃശൂർ - 613, പാലക്കാട് - 380 എന്നിങ്ങനെ എട്ട് ജില്ലകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോഴിക്കോട് ഉൾപ്പടെയുള്ള ജില്ലകളിൽ ലൈസൻസ് ഡ്രൈവ് പിന്നീട് നടത്തും. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാത്തവർക്ക് അത് നേടുന്നതിന് അവസരം നൽകിയിരുന്നു. തുടർന്നും ലൈസൻസ് ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് നടപടികൾ സ്വീകരിക്കാൻ കാരണമായത്. ഭക്ഷണം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് എടുത്തു മാത്രമേ പ്രവർത്തനം നടത്താൻ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യർഥിച്ചിരുന്നു. ഇതൊരു നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ട് കൂടി ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങിയത്. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ ഉറപ്പ് വരുത്തി ഡ്രൈവിനോട് സഹകരിക്കേണ്ടതാണ്.