കോട്ടയം ജനറൽ ആശുപത്രിക്ക് മുന്നിൽ എസ്എഫ്ഐ - കെഎസ്‍യു സംഘർഷം, സിഎംഎസ് കോളേജിലെ സംഘർഷത്തിന് പിന്നാലെ ജനറൽ ആശുപത്രിയിലും വാക്കേറ്റവും തമ്മിലടിയും, സ്ഥലത്


കോട്ടയം: കോട്ടയം ജനറൽ ആശുപത്രിക്ക് മുന്നിൽ എസ്എഫ്ഐ-കെഎസ്‍യു സംഘർഷം. സിഎംഎസ് കോളേജിലെ സംഘർഷത്തിനു പിന്നാലെയാണ് കോട്ടയം ജനറൽ ആശുപത്രിക്ക് മുന്നിലും പ്രവർത്തകർ ഏറ്റുമുട്ടിയത്. എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിൽ ജനറൽ ആശുപത്രിക്ക് മുൻപിൽ വാക്കേറ്റവും തമ്മിലടിയുമായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. എസ്എഫ്ഐ കോട്ടയം സിഎംഎസ് കോളേജിൽ നടത്തിയ പരിപാടി കെ എസ് യു അലങ്കോലമാക്കി എന്നാരോപിച്ചാണ് സംഘർഷം ഉണ്ടായത്. എസ്എഫ്ഐ കോളേജിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ കെഎസ്‍യു പ്രവർത്തകർ മറ്റൊരു പരിപാടി സംഘടിപ്പിച്ചാണ് പ്രശനങ്ങൾക്ക് കാരണം എന്നാണു എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. പരിപാടി മനപ്പൂർവ്വം അലങ്കോലമാക്കണമെന്ന ഉദ്ദേശത്തോടെയാണ് കെ എസ് യു പ്രവർത്തകർ എത്തിയതെന്നും ഇവർ സംഘർഷം അഴിച്ചു വിടുകയായിരുന്നു എന്നും എസ്എഫ് ഐ ആരോപിച്ചു. കോളേജിന് മുന്നിൽ നടന്ന സംഘർഷത്തിൽ എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വൈകുന്നേരം കെ എസ് യു പ്രവർത്തകർ ജനറൽ ആശുപത്രിയിൽ എത്തിയതോടെ വീണ്ടും വാക്കേറ്റവും സംഘർഷവും ഉണ്ടാക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ നിലയുറപ്പിച്ചതോടെ സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.