നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു, ഓണത്തിരക്കിൽ വിപണി.


കോട്ടയം: തിരുവോണത്തിനൊരുങ്ങി നാടും നഗരവും. ഓണത്തിരക്കിലാണ് ഇപ്പോൾ ജില്ലയിലെ വിപണികൾ. ഓണത്തിന് മുൻപുള്ള ആഴ്ചയവസാനമായ ശനിയാഴ്ച ജില്ലയിലെ വിപണികൾ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണത്തിന് മുൻപുള്ള അവധി ദിവസമായ ഞായറാഴ്ചയും തിങ്കളാഴ്ചയും തിരക്ക് ഇനിയും വർധിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. പലചരക്ക്-പച്ചക്കറി-വസ്ത്ര വ്യാപാര വിപണന കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. ഓണം ആഘോഷമാക്കാനായി ഒരുങ്ങുകയാണ് മലയാളികൾ. ഉത്രാട ദിനമായ തിങ്കളാഴ്ച പച്ചക്കറി വിപണികൾ കൂടുതൽ സജീവമാകും. ജില്ലയുടെ വിവിധ മേഖലകളിൽ ഉപ്പേരി കടകളും പായസ മേളകളും ആരംഭിച്ചു കഴിഞ്ഞു. ഓണസദ്യയും പാർസലായി ലഭിക്കുന്നതിന് ജില്ലയിലെ ബേക്കറികളിലും കേറ്ററിംഗ് സർവ്വീസുകളിലും മുൻ‌കൂർ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഇന്നലെ വൈകുന്നേരം മുതൽ വലിയ വാഹന തിരക്കാണ് അനുഭവപ്പെട്ടത്.