സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന, 22 സ്ഥാപനങ്ങൾക്ക് നോട്ടീസ്.


തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാർഥികൾക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ മെഡിക്കൽ കോളജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കുള്ള മെസ് വൃത്തിഹീനമായി കണ്ടെത്തിയതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. സംസ്ഥാനത്താകെ കാന്റീൻ, മെസ്, തുടങ്ങിയ 22 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴ് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. സംസ്ഥാനത്തെ മെഡിക്കൽ കോളജ് ക്യാമ്പസുകളിലെ ചില കാന്റീനുകളും വിദ്യാർഥികളുടെ ഹോസ്റ്റൽ മെസുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.