കാഞ്ഞിരപ്പള്ളിയിൽ ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് കെ എസ് ആർ ടി സി ബസ്സിനടിയിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് കെ എസ് ആർ ടി സി ബസ്സിനടിയിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ചൻ (25)നാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ആണ് അപകടം ഉണ്ടായത്. മണ്ണാറക്കയം റോഡിൽ നിന്നും ദേശീയപാതയിലേക്ക് സ്കറിയാച്ചൻ ഓടിച്ചിരുന്ന ബൈക്ക് പ്രവേശിക്കുന്നതിനിടെ കുരിശിങ്കൽ സ്ഥാപിച്ചിരുന്ന ഡിവൈഡറിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ പറയുന്നത്. ഈ സമയം പൊൻകുന്നം ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സിനടിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. സ്കറിയാച്ചന്റെ ശരീരത്തിലൂടെ കെ എസ് ആർ ടി സി ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.