ജന്മനാട്ടിലേക്ക് മടങ്ങിയെത്തി ജനനായകൻ, കണ്ണീരോടെ യാത്രാമൊഴി നൽകി ജനലക്ഷങ്ങൾ, ഉമ്മൻ ചാണ്ടിക്ക് വൈകാരിക യാത്രയയപ്പ് നൽകി പുതുപ്പള്ളി.


പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയിൽ എത്തി. ജനലക്ഷങ്ങളാണ് തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെയുള്ള വിലാപയാത്രയിൽ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു കടന്നു പോയത്. കണ്ണുകൾ നിറഞ്ഞും കരഞ്ഞും മുദ്രാവാക്യങ്ങൾ വിളിച്ചും കണ്ഠമിടറിയുമാണ് പുതുപ്പള്ളി തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ അവസാന യാത്രയ്ക്ക് ഒപ്പം നിൽക്കുന്നത്. 



പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയുടെ തറവാട് വീടും ജനസാഗരമാണ്. ഉമ്മൻ ചാണ്ടിയുടെ തറവാട് വീട്ടിലും പിന്നീട് പുതുതായി പണിയുന്ന വീട്ടിലും പൊതുദർശനത്തിന് വെച്ചശേഷമാകും സംസ്കാര ശുശ്രൂഷകൾക്കായി പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകുക. പുതുപ്പള്ളിയിൽ എത്തിയ വിലാപയാത്ര ഏറെ പണിപ്പെട്ടാണ് ഭൗതികശരീരം തറവാട് വീട്ടിലേക്ക് എത്തിക്കാൻ സാധിച്ചത്. ജനത്തിരക്ക് ഇഷ്ട്പ്പെട്ടിരുന്ന ജനങ്ങൾക്ക് നടുവിൽ ജീവിച്ചരുന്ന ജനകീയനായ നേതാവ് ഒടുക്കം അന്ത്യയാത്ര പറയുന്നതും ജനസാഗരങ്ങൾക്ക് നടുവിലാണ്.

 

 കരച്ചിലടക്കി പതിനായിരങ്ങളാണ് ജനകീയനായ ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി തടിച്ചു കൂടിയിരിക്കുന്നതും വീണ്ടും വീണ്ടും എത്തിക്കൊണ്ടിരിക്കുന്നതും. അന്ത്യാഞ്ജലിയർപ്പിക്കാനുള്ള വലിയ ജനത്തിരക്ക് കണക്കിലെടുത്ത് സംസ്‌കാര ചടങ്ങ് രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാല്‍ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടക്കുക. 



ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത അറിഞ്ഞത് മുതൽ സങ്കടക്കടലായി മാറിയിരുന്നു പുതുപ്പള്ളി. തങ്ങളുടെ ഏതൊരാവശ്യത്തിനും എപ്പോൾ ചെന്നാലും തുറക്കുന്ന വാതിലിൽ തങ്ങൾക്കായി പരിഹാരവുമായി ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു എന്ന് കരഞ്ഞു പറയുന്ന ജനങ്ങളെയാണ് പുതുപ്പള്ളിയിൽ നമുക്ക് കാണാനാകുക. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെയുള്ള വിലാപയാത്രയിൽ എം സി റോഡിനെ അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറ്റുകയായിരുന്നു.

 

 അർദ്ധരാത്രിയിലും മണിക്കൂറുകളോളം കാത്തുനിന്നാണ് ജനങ്ങൾ തങ്ങളുടെ ജനനായകന് അന്ത്യയാത്രാമൊഴി നൽകിയത്. രാഷ്ടരായ കേരളത്തിൽ സമാനതകളില്ലാത്ത ഏക നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് പുതുപ്പള്ളി ഒരേ സ്വരത്തിൽ പറയുന്നു. ഇപ്പോഴും പൊതുജനങ്ങളെ ജീവനായി സ്നേഹിച്ചിരുന്ന ജനങ്ങൾ ജീവശ്വാസമായി മാറിയ ഉമ്മൻ ചാണ്ടി ഇന്ന് ചേതനയറ്റു തറവാട് വീട്ടിൽ എത്തിയപ്പോൾ വിതുമ്പുന്ന ജനങ്ങളെയാണ് പുതുപ്പള്ളിയിൽ കാണാനാകുക. എപ്പോൾ ഏതൊരാവശ്യത്തിനു ചെന്നാലും തങ്ങളെ പുഞ്ചിരിയോടെ കേൾക്കുന്ന ജനനേതാവ് ഇന്ന് തന്നെ സ്നേഹിക്കുന്ന ജനത്തിന്റെ വിതുമ്പലുകൾ കേൾക്കാതെ പുഞ്ചിരി നൽകാതെ മറയുകയാണ്.