ജനനായകൻ എത്തുന്നതും കാത്ത് ഉറങ്ങാതെ അക്ഷരനഗരി, വിലാപയാത്ര കോട്ടയത്തെത്താൻ ഇനിയും മണിക്കൂറുകൾ... പൊട്ടിക്കരഞ്ഞു ജനം, ആൾക്കൂട്ടത്തിലലിഞ്ഞു ഉമ്മൻ ചാണ്ടിയ

കോട്ടയം: കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, ജനകീയനായ ജനങ്ങളിൽ ഒരാളായി ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന തങ്ങളുടെ സ്വന്തമായിരുന്ന കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനായി തിരുനക്കര മൈതാനത്ത് ഉറങ്ങാതെ കാത്തിരിക്കുന്നത് ആയിരങ്ങളാണ്. സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം വലിയൊരു ജനാവലിയാണ് അർദ്ധരാത്രിയിലും ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കണ്ടു ആദരാഞ്ജലികൾ അർപ്പിക്കാനായി കാത്തിരിക്കുന്നത്.

 

 തിരുവനന്തപുരത്തു നിന്നും രാവിലെ 7 മണിക്ക് ആരംഭിച്ച വിലാപയാത്ര ഇതുവരെയും കോട്ടയം ജില്ലയിൽ പ്രവേശിച്ചിട്ടില്ല. ചങ്ങനാശ്ശേരിയിലെ വൻ ജനസാഗരമാണ് ഉമ്മൻ ചാണ്ടിയെ കാണാനായി രാത്രി ഏറെ വൈകിയും കാത്തിരിക്കുന്നത്. ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ബസ്സ് സ്റ്റാന്റിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് നേതാക്കന്മാരുൾപ്പടെ കാത്തിരിക്കുന്നത്. വിലാപയാത്ര എത്തുന്ന എം സി റോഡിൽ പാതയോരത്ത് ആദരാഞ്ജലികളർപ്പിച്ചു ആയിരങ്ങളാണ് തടിച്ചു കൂടിയിരിക്കുന്നത്. പൂക്കളെറിഞ്ഞും കൈകൾ കൂപ്പിയും ചിത്രങ്ങളുമാണ് നിരവധിപ്പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

 

 അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കോട്ടയത്തെത്താൻ ഇനിയും മണിക്കൂറുകൾ വേണ്ടിവരും. പുലർച്ചയോടെ മാത്രമാകും വിലാപയാത്ര തിരുനക്കരയിൽ എത്തുക. തങ്ങൾക്ക് വേണ്ടി മണിക്കൂറുകൾ കാത്തിരുന്നിട്ടുള്ള ഉമ്മൻചാണ്ടിക്ക് വേണ്ടി അവസാനമായി എത്രനേരം വേണമെങ്കിലും ഞങ്ങൾ കാത്തുനിൽക്കും എന്നാണു അക്ഷരനഗരിയിൽ ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനെത്തിയ ജനം പറയുന്നത്. കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടി. ഏതൊരാവശ്യത്തിനും എപ്പോൾ വേണമെങ്കിലും ആരുടേയും ശുപാർശയില്ലാതെ ഓടിയെത്തി സങ്കടങ്ങളും ആവലാതികളും ആവശ്യങ്ങളും പറയാൻ സാധിച്ചിരുന്നു അപൂർവ്വ വ്യക്തികളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. നേതാവായിരിക്കുമ്പോഴും എം.എൽ.എ.യും മന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കുമ്പോഴും അടച്ചിടാത്ത ആർക്കും കയറിവരാവുന്ന തുറന്നവാതിലുള്ള വീട്... ഇതായിരുന്നു ജനങ്ങൾക്ക് മുൻപിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ വീട്. നാലു തവണ മ​ന്ത്രിയും രണ്ടു തവണ കേരള മുഖ്യമന്ത്രിയുമായി അഞ്ചു പതിറ്റാണ്ട് നിയമസഭയിൽ കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി വിട പറയുന്നത്. വിലാപയാത്രയ്ക്കരുകിലെത്തിയ പലരും വിങ്ങിപ്പൊട്ടി, പലരും കരഞ്ഞു, കരച്ചിലടക്കാൻ പാടുപെടുന്നവർ അതിലേറെ. അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടിയും ചാണ്ടി സാറും.