ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒരേ സ്‌നേഹം, ഉമ്മൻ ചാണ്ടിയുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം; എം എ യൂസഫലി.


കോട്ടയം: ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടിയുമായി ഒരേ സ്നേഹബന്ധമായിരുന്നു തമ്മിൽ എന്ന് വ്യവസായി എം എ യൂസഫലി. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കബറിടവും കുടുംബാംഗങ്ങളെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച 12 മണിയോടെ കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അദ്ദേഹം റോഡ് മാർഗ്ഗം ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചു. ഏതു പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ തരണം ചെയ്ത വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നു യൂസഫലി പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.