ബെംഗളൂരുവില്‍ കോട്ടയം സ്വദേശിയായ ഐ ടി സ്ഥാപന ഉടമയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി, ആക്രമണം നടത്തിയത് മുൻ ജീവനക്കാരൻ.


ബെംഗളൂരു: ബെംഗളൂരുവില്‍ കോട്ടയം സ്വദേശിയായ ഐ ടി സ്ഥാപന ഉടമയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. ഇരട്ട കൊലപാതകത്തിന്റെ ഞെട്ടലിൽ വടക്കൻ ബെംഗളൂരുവിലെ അമൃതഹള്ളി.

 

 ഇന്റർനെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടു സർവീസ് നൽകുന്ന കമ്പനിയായ എയറോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ സി ഇ ഓ കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായ രുക്മിണിവിലാസത്തിൽ ആർ.വിനുകുമാർ(47), കമ്പനിയുടെ എം ഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം ഉണ്ടായത്.

 

 ഐ ടി കമ്പനിയിലെ മുൻ ജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. വടക്കൻ ബെംഗളൂരുവിലെ അമൃതഹള്ളിയിലെ ജനവാസ മേഖലയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇവർക്കൊപ്പം ജോലി ചെയ്യുകയായിരുന്ന ഫെലിക്സ് മറ്റൊരു ഐ ടി കമ്പനി സ്ഥാപിച്ചിരുന്നു. ഇവർക്കിടയിലുണ്ടായ ബിസിനസ് തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ആക്രമണം നടത്താൻ ഫെലിക്സിനൊപ്പം മറ്റു 3 പേര് കൂടി ഉണ്ടായിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. സംഭവ സമയത്ത് പത്തോളം ജീവനക്കാർ ഓഫീസിൽ ഉണ്ടായിരുന്നു. ഇവരെ ഭീഷണിപ്പെടുത്തിയാണ് അക്രമികൾ കൊലപാതകം നടത്തി ഭീകരാന്തരീക്ഷം സൃഷിടിച്ചു കടന്നു കളഞ്ഞത്. ജീവനക്കാരാണ് തുടർന്ന് വിവരം പോലീസിൽ അറിയിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അമൃതഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. വിനുകുമാറിന്റെ ഭാര്യ ശ്രീജയും കമ്പനി ഡയറക്ടര്മാരില് ഒരാളാണ്. വിനുവിന് 2 മക്കളാണുള്ളത്. മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.