വീട്ടുമുറ്റത്തെത്തിയവരുടെ കണ്ണുകൾ നിറഞ്ഞു, പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഇനി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മാത്രം, ജനസാഗരമായി പുതുപ്പള്ളി.


പുതുപ്പള്ളി: തങ്ങളിൽ ഒരാളായ തങ്ങളുടെ ജനകീയനായ നേതാവിന്റെ മരണ വാർത്തയറിഞ്ഞു നിറകണ്ണുകളോടെ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഓടിയെത്തിയത് ജനസാഗരമാണ്.

 

 മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയവരുടെ കണ്ണ് നിറഞ്ഞു. പലരും വിങ്ങിപ്പൊട്ടി, കരച്ചിലടക്കാൻ പാടുപെടുന്നവർ അതിലേറെ. അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടിയും ചാണ്ടി സാറും.

 

 മരണ വാർത്തയറിഞ്ഞു നാടിന്റെ നാനാദിക്കിൽ നിന്നും ദൂരെദേശങ്ങളിൽ നിന്നും ആളുകൾ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുകയാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധിപ്പേർ ഇതിനോടകം പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ട്. അവസാനമായി തങ്ങളുടെ കുഞ്ഞൂഞ്ഞിനെ ഒരു നോക്ക് കാണാൻ ബെംഗളൂരുവിൽ നിന്നും പുതുപ്പള്ളിയിലേക്ക് ഭൗതികശരീരം എത്തുന്നതും കാത്തിരിക്കുകയാണ് നാട്.