വെച്ചൂർ ഈരയിൽ നിവാസികൾക്ക് ഇനി സുരക്ഷിത യാത്ര; ഈരയിൽ തോട് പാലം നാടിന് സമർപ്പിച്ചു.

കോട്ടയം: വെച്ചൂർ ഈരയിൽ നിവാസികൾക്ക് ഇനി സുരക്ഷിത യാത്ര. വെച്ചൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഈരയിൽ തോടിന് കുറുകെ നിർമ്മിച്ച പാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് ചടങ്ങിൽ അധ്യക്ഷയായി.

 

 ഈരയിൽ തോടിന് കുറുകെ മുൻപുണ്ടായിരുന്ന പാലം കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിലേക്ക് പഞ്ചായത്ത് കടന്നത്. വെച്ചൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് തോടിന് കുറുകെ പുതിയ പാലം നിർമ്മിച്ചത്. ഒരുമാസം മുൻപ് ആരംഭിച്ച പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. പൂർണ്ണമായും ഇരുമ്പ് ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം.

 

 ഇരുമ്പ് പ്ലേറ്റുകൾ ഉപയോഗിച്ചാണ് പാലത്തിന്റെ നടപ്പാത ഒരുക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കും, ഓട്ടോറിക്ഷകൾക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന വിധമാണ് നിർമ്മാണം. ഈരയിൽ തോടിന് ഇരുവശങ്ങളിലുമായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടുവാനുള്ള ഏക സഞ്ചാര മാർഗ്ഗമാണ് ഈ പാലം. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സോജി ജോർജ്, പി.കെ മണിലാൽ, എസ് ബീനാമോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, സ്വപ്ന മനോജ്, ചാന്ദിനി, എൻ സുരേഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ മിനി സരസൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ടി സണ്ണി, കെ.വി ജയ്മോൻ, പി.ജി ഷാജി, വിനയചന്ദ്രൻ, രാജേഷ് എന്നിവർ പങ്കെടുത്തു.