കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട കാർ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ സ്വാമി ദൊരൈയാണ് അപകടത്തിൽ മരിച്ചത്. എംസി റോഡിൽ കോട്ടയം കുറിച്ചി കാലായിൽപ്പടിയിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ചങ്ങനാശേരി ഭാഗത്തു നിന്നു വരികയായിരുന്നു കാർ നിയന്ത്രണംനഷ്ടമായതിനെ തുടർന്ന് റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിൽ നിൽക്കുകയായിരുന്നു തമിഴ്‌നാട് സ്വദേശിയായ സ്വാമി ദൊരൈ. കടയിൽ ഇടിച്ചു കയറിയ ശേഷം കാർ ഇതുവഴിയെത്തിയ 2 ബൈക്കുകളും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിക്കും പരിക്കേറ്റു. അപകടം കാണു ഓടിയെത്തിയ നാട്ടുകാർ സ്വാമി ദൊരൈയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരായ 4 പേരെയും കാർ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.