വിലക്കയറ്റവും പൂഴ്ത്തിവയ്പും: ജില്ലയിൽ അഞ്ചുതാലൂക്കുകളിലും ഇന്നലെയും സ്‌ക്വാഡ് പരിശോധന നടന്നു.


കോട്ടയം: വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനായി ജില്ലയിൽ അഞ്ചുതാലൂക്കുകളിലും മൂന്നാം ദിവസമായ ഇന്നലെയും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടന്നു. 114 വ്യാപാരസ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 50 ക്രമക്കേടുകളാണ് കണ്ടെത്തിയത്.

34000 രൂപ പിഴയും ഈടാക്കി. ഇതോടെ മൂന്നു ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 164 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പച്ചക്കറി, പലചരക്ക് മൊത്ത, ചില്ലറ വ്യപാര സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലുമായി ആകെ 256 കേന്ദ്രങ്ങളിലാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് മൂന്നുദിവസമായി പരിശോധന നടത്തിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന.

ഇന്നലെ കോട്ടയം താലൂക്കിൽ 24 കടകളിൽ നടന്ന പരിശോധനയിൽ 17 ഇടത്തും ചങ്ങനാശേരിയിൽ 16 കടകളിൽ 8 ഇടത്തും കാഞ്ഞിരപ്പള്ളിയിൽ 41 കടകളിൽ 12 ഇടത്തും മീനച്ചിലിൽ 18 കടകളിൽ 8 ഇടത്തും വൈക്കം താലൂക്കിൽ 15 കടകളിൽ 5 ഇടത്തും ക്രമക്കേട് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പാലാ നഗരത്തിലെ പച്ചക്കറി, മീൻ, പലചരക്കു വിൽപനകേന്ദ്രം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്തസ്‌ക്വാഡ് നടത്തിയ പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടി. പാലാ ടൗൺ ഹാളിന്റെ എതിർവശത്തുള്ള സ്ഥാപനമാണ് പരിശോധനയെത്തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്. വില വിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ വില കൃത്യമായി രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും, വൃത്തിഹീനമായ രീതിയിൽ ഉൽപന്നങ്ങൾ വിൽപനയ്ക്കു വച്ചത് അടക്കമുള്ള ക്രമക്കേടുകളാണു കണ്ടെത്തിയത്. പരിശോധന വരുംദിവസങ്ങളിലും തുടരും.