കുമരകം ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 21 വയസ്സ്, പൊലിഞ്ഞത് 9 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം 29 ജീവനുകൾ.


കുമരകം: 2002 ജൂലൈ 27നാണ് ആ വാർത്ത ഞെട്ടലോടെ എല്ലാവരും കേട്ടത്. 2002 ജൂലൈ 27 നു രാവിലെ മുഹമ്മയിൽ നിന്നും കുമരകത്തേക്ക് പുറപ്പെട്ട ബോട്ട് കുമരകത്തിന് ഒരു കിലോമീറ്റർ അകലെ മണൽത്തിട്ടയിൽ തട്ടി മുങ്ങുകയായിരുന്നു.

വാർത്ത കേട്ടറിഞ്ഞവർ ഓടിയെത്തി. നാട്ടുകാർ രക്ഷാ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി. ഒൻപതു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം 29 പേരെ ആ അപകടം കവർന്നെടുത്തു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടാണ് വേമ്പനാട്ടുകായയിലെ മണൽത്തിട്ടയിൽ തട്ടി മുങ്ങിയത്. മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു ബോട്ടിലെ യാത്രക്കാർ.

അപകടത്തെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മിഷൻ മരണമടഞ്ഞവരുടെ ആശ്രിതർക്ക് 91.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്തിരുന്നു. 15 സ്ത്രീകളും 13 പുരുഷന്മാരുമാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ മരണപ്പെട്ടത്. നടുക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഇന്ന് രാവിലെ മുതൽ അനുസ്മരണവും പുഷ്പ്പാർച്ചനയും നടന്നു.