കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ ഗ്രൂപ്പിന്റെ പതിനൊന്നാമത് ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് തിളക്കമാർന്ന മുന്നേറ്റം. ഏഷ്യയിൽ 95-ാം സ്ഥാനം നേടിയ എം. ജി സർവകലാശാല രാജ്യത്ത് നാലാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ ഏഷ്യയിൽ 139ാം റാങ്കും രാജ്യത്ത് ഒൻപതാം റാങ്കുമായിരുന്നു. ഏഷ്യന്റ റാങ്കിംഗിൽ 48ാം സ്ഥാനത്തുള്ള ബംഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. 68-ാം സ്ഥാനത്തുള്ള മൈസൂരിലെ ജെ.എസ്.എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് റിസർച്ചും 77-ാമതുള്ള ഹിമാചൽ പ്രദേശിലെ ശൂലീനി യൂണിവേഴ്സിറ്റി ഓഫ് ബയോ ടെക്നോളജി ആന്റഫ് മാനേജ്മെന്റ് സ്റ്റഡീസുമാണ് രാജ്യത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മഹാത്മാ ഗാന്ധി സർവകലാശാല ഉൾപ്പെടെയുള്ള ഈ നാലു സർവകലാശാലകൾ മാത്രമാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ചത്. ആദ്യ ഇരുന്നൂറിൽ 18 ഇന്ത്യൻ സർവകലാശാലകളുണ്ടെങ്കിലും ഇവയിൽ പലതും കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽനിന്ന് പിന്നോട്ടു പോയി. കഴിഞ്ഞ വർഷം ആദ്യ 200ൽ ഉൾപ്പെട്ടിരുന്ന പല ഇന്ത്യൻ സർവകലാശാലകളും ഇക്കുറി പുറത്താകുകയും ചെയ്തു. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം, സൈറ്റേഷനുകൾ, ഗവേഷണ ഫലങ്ങളുടെ വ്യവസായിക സാധ്യത പ്രയോജനപ്പെടുത്തുന്നതിലെ മികവ് തുടങ്ങി 11 ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് നിർണയിച്ചത്. 31 രാജ്യങ്ങളിലെ 669 സർവകലാശാലകളെ പരിഗണിച്ചു. ചൈനയിലെ തിംഗ്വാ, പീകിംഗ് സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ തുടർച്ചയായ നാലാം വർഷവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിംഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മഹാത്മാ ഗാന്ധി സർവകലാശാലയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദിച്ചു. മികച്ച അക്കാദമിക് ആന്തരീക്ഷവും സമൂഹത്തിന് ഗുണകരമാകുന്ന ഗവേഷണ പ്രവർത്തനങ്ങളും ബിസിനസ് ഇൻകുബേഷൻ ഉൾപ്പെടെയുള്ള നൂതന ആശയങ്ങളുമാണ് രാജ്യാന്തര റാങ്കിംഗുകളിൽ മുന്നേറാൻ സഹായകമാകുന്നതെന്ന് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
ടൈംസ് ഹയർ എജ്യുക്കേഷൻ ഏഷ്യൻ റാങ്കിംഗ്; എം.ജി. സർവകലാശാല രാജ്യത്ത് നാലാമത്.