സർവ്വത്ര വിലക്കയറ്റം! നടുവൊടിഞ്ഞു ജനം, അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു പച്ചക്കറി-പഴം-മത്സ്യം-കോഴി വിപണികളിൽ വില കുതിച്ചുയരുന്നു.


കോട്ടയം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. പച്ചക്കറി-പഴം-മത്സ്യം-കോഴി വിപണികളിൽ വില കുതിച്ചുയരുകയാണ്. ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തി. പച്ചക്കറികൾക്കും പഴങ്ങൾക്കും മത്സ്യത്തിനും ദിനംപ്രതി വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പച്ചമുളകിനും മുരിങ്ങയ്ക്കയ്ക്കും വില ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ബീൻസിനും പയറിനും വില കൂടി. ഇഞ്ചി വില ഡബിൾ സെഞ്ചുറി അടിച്ചിരിക്കുകയാണ്. തക്കാളിക്കും വെളുത്തുള്ളിക്കും, ക്യാരറ്റിനും ഉൾപ്പെടെ എല്ലാത്തിനും റെക്കോർഡ് വില വർധനവാണുണ്ടായിരിക്കുന്നത്. ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തിനും വില ഇരട്ടിയായി കഴിഞ്ഞു.നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതോടെ അടുക്കള ബഡ്ജറ്റ് താളം തേടിയതായി ജനങ്ങൾ പറയുന്നു. പച്ചക്കറിക്കും മീനിനും കോഴിക്കും ഒരേസമയം വിലവർദ്ധനവ് ഉണ്ടായതോടെ ഒന്നിന് വില കൂടിയാൽ മറ്റൊന്ന് വാങ്ങാമെന്ന രീതി ഇപ്പോൾ നടപ്പില്ല എന്ന് കോട്ടയം മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ വീട്ടമ്മ പ്രതികരിച്ചു. എല്ലാത്തിനും വില വർധനവാണ് പോക്കറ്റ് കാളിയാകുകയാണ് ഇപ്പോൾ എന്ന് ജനം പറയുന്നു. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. പച്ചമുളകും അധികം താമസിയാതെ 100 ൽ എത്തും. മത്സ്യങ്ങളുടെ വിലയും ആനുപാതികമായി വര്ധിച്ചിട്ടുണ്ട്. നിലവിൽ അരിക്ക് മാത്രമാണ് വില കൂടാതെയിരിക്കുന്നത്.