കൂലി വർദ്ധനവ് നടപ്പാക്കിയില്ല, കോട്ടയത്ത് സിഐടിയു തൊഴിലാളികൾ സ്വകാര്യ ബസിനു മുന്നിൽ കൊടികുത്തി, സർവ്വീസ് മുടക്കിയ ബസ്സിന്‌ മുൻപിൽ ലോട്ടറി കച്ചവടം തുട


കോട്ടയം: കൂലി വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് സിഐടിയു തൊഴിലാളികൾ സ്വകാര്യ ബസിനു മുന്നിൽ കൊടികുത്തി. കോട്ടയം-തിരുവാർപ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന വെട്ടിക്കുളങ്ങര എന്ന സ്വകാര്യ ബസ്സിന്‌ മുൻപിലാണ് സിഐടിയു തൊഴിലാളികൾ കോടി കുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരുന്ന ബസ്സിന്റെ സർവ്വീസ് തടസ്സപ്പെടുത്തിയ തൊഴിലാളികളുടെയും സംഘടനകളുടെയും നടപടികളിൽ പ്രതിഷേധിച്ച് ഉടമയായ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹൻ തന്റെ സ്വന്തം ബസ്സിന്‌ മുൻപിൽ ലോട്ടറി കച്ചവടം തുടങ്ങി. സൈന്യത്തിൽ ജോലി ചെയ്തിട്ടുള്ള രാജ്‌മോഹൻ ഗൾഫിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് ബസ്സ് റൂട്ട് ആരംഭിച്ചത്. നിലവിൽ 4 ബസ്സുകളുള്ള രാജ്മോഹന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ബസ്സിന്റെ സർവീസാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. മറ്റു 3 ബസ്സുകൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ടെങ്കിലും വരുമാനം കുറവാണ്. ‘ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്നാണു ബസ്സിന്‌ മുൻപിലെ ലോട്ടറി കടയ്ക്ക് രാജ്മോഹന് പേര് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ എത്തിയപ്പോൾ അവിടെ അവിടെ പ്രവാസികളെ അഭിസംബോധന ചെയ്തു സംസാരിച്ച സ്ഥലമാണ് ഇത്. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ വേഷവിധാനമായിരുന്ന കോട്ടും സ്യുട്ടും ധരിച്ചാണ് രാജ്‌മോഹൻ ലോട്ടറി വിൽക്കുന്നത്. മറ്റു രാജ്യങ്ങളിൽ എത്തുമ്പോൾ കേരളത്തിൽ വ്യവസായങ്ങൾക്ക് മികച്ച അന്തരീക്ഷമാണെന്നും വ്യവസായങ്ങൾക്കൊപ്പവും വ്യവസായികൾക്കൊപ്പവും പൂർണ്ണ പിന്തുണയോടെ സർക്കാർ ഉണ്ടാകുമെന്നും പറയുന്നത് വെറും വാക്കാണെന്നും ദിവസേന എത്രയോ സംഭരംഭങ്ങളാണ് വെളിച്ചം കാണാതെ കൊടി കുത്തിയും ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പും കാരണം പൂട്ടിപ്പോകുന്നതെന്നും രാജ് മോഹൻ പറയുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു രാജ്മോഹന്റെ പ്രതിഷേധം. ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിലുണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് ബസ്സിന്‌ മുൻപിൽ കൊടി കുത്തി സമരം ആരംഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനാലാണു സമരം നടത്തുന്നതെന്നു മോട്ടർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വർഗീസ് പറഞ്ഞു. ലേബർ ഓഫീസിൽ നടത്തിയ ചർച്ച പ്രകാരം തൊഴിലാളികൾക്ക് കൂലി വർധിപ്പിച്ചിരുന്നതായും കളക്ഷൻ അനുസരിച്ചുള്ള ബാറ്റ കൊടുക്കുന്നത് സംബന്ധിച്ച തർക്കമാണ് ഇപ്പോഴുള്ളതുമെന്നു ബി ജെ പി യുടെ കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജ്‌മോഹൻ പറഞ്ഞു.