നാലുവർഷ ബിരുദം; മന്ത്രി ആർ.ബിന്ദുവിന്റെ അവതരണ പരിപാടിക്ക് ഇന്ന് കോട്ടയത്ത് തുടക്കം.


കോട്ടയം: സംസ്ഥാനത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന നാലുവർഷ ബിരുദ കോഴ്‌സുകളുടെ വിശദാംശങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അക്കാദമിക് സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്ന പരിപാടിക്ക് ഇന്ന് കോട്ടയത്ത് തുടക്കമാകും. ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ബി സി എം കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യും.

 

 വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി. അരവിന്ദകുമാർ അധ്യക്ഷത വഹിക്കും. നാലുവർഷ ബിരുദ കോഴ്‌സുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായി എംജി സർവകലാശാലയിലെ അക്കാദമിക് സമൂഹത്തെയാണ് മന്ത്രി കാണുന്നത്. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ജോബ് മൈക്കിൾ എംഎൽഎ, അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണൻ, കെ.എം.സുധാകരൻ, ഡോ. എ. ജോസ്, ഡോ. ബിജു പുഷ്പൻ, രജിസ്ട്രാർ ഡോ. ബി പ്രകാശ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, ബി.സി.എം കോളജ് പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ് എന്നിവർ സംസാരിക്കും. ഡോ. വി. ഷഫീഖ് ക്ലാസെടുക്കും.

 

 നിലവിലെ പാഠ്യരീതികളിൽ വലിയ മാറ്റം വിഭാവനം ചെയ്യുന്ന പുതിയ കോഴ്‌സുകളെക്കുറിച്ച് അക്കാദമിക് സമൂഹത്തിന് വ്യക്തമായ ധാരണ നൽകുന്നതിനും മാറ്റങ്ങൾക്കായി അവരെ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ് കുമാർ പറഞ്ഞു.