ഈരാറ്റുപേട്ട-വാഗമൺ റോഡ് ഉദ്ഘാടനം ജൂൺ ഏഴിന്.


കോട്ടയം: നവീകരിച്ച  ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ  ഉദ്ഘാടനം ജൂൺ ഏഴിന് നാലുമണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ നിർവ്വഹിക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാവും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിന് സ്വാഗതം ആശംസിക്കും. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് 20 കോടി രൂപ അനുവദിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ് നടത്തി സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമ്മാണം, കലുങ്ക് നിർമ്മാണം, സംരക്ഷണഭിത്തികൾ  തുടങ്ങിയവ പൂർത്തീകരിച്ചുമാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. ഇതുകൂടാതെ  കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി,  റീടാർ ചെയ്യുന്നതിന് 64 കോടി രൂപ കിഫ്ബി മുഖേനയും അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്ക് ആയിരുന്നു നിർമ്മാണ ചുമതല. 2021 ഫെബ്രുവരിയിൽ പണി തുടങ്ങിയെങ്കിലും ആദ്യം കരാർ ഏറ്റെടുത്ത കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ അവരെ നീക്കം ചെയ്തിരുന്നു. തുടർന്നാണ് ടെൻഡറിൽ മുന്നിലെത്തിയ ഊരാളുങ്കലിന് പ്രവൃത്തി കൈമാറിയത്. 2023 ജനുവരിയിൽ തന്നെ സൈറ്റ് പുതിയ കരാറുകാരന് കൈമാറിയിരുന്നു. ആദ്യഘട്ടമായി തീക്കോയി മുതൽ വാഗമൺ വരെയുള്ള ഭാഗത്ത് ഏറ്റവും മോശമായി കിടന്നിരുന്ന റോഡ് ഡബ്ല്യൂ എം എം. ജി.എസ് .ബി. ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പുനർ നിർമ്മിച്ചു. വാഗമൺ വരെ ശേഷിക്കുന്ന ഭാഗത്ത്  ഒന്നാംഘട്ട ബി എം ടാറിംഗും തുടർന്ന് രണ്ടാംഘട്ട ഉപരിതല ടാറിങ്ങും വേഗത്തിൽ പൂർത്തീകരിച്ചു. വീതി കുറഞ്ഞതും മഴ വെള്ളപ്പാച്ചിൽ  റോഡ് തകരാൻ സാധ്യതയുള്ളതുമായ ഇടങ്ങളിൽ റോഡിന് ഇരുവശങ്ങളിലും മറ്റിടങ്ങളിൽ ഒരു വശത്തും ഉപരിതല ഓടകളുടെ  നിർമ്മാണം പൂർത്തീകരിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണം, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കലുങ്കുകളും ഓടുകളും പ്രവർത്തനക്ഷമമാക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണികളും, സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാവശ്യമായ തെർമോ പ്ലാസ്റ്റിക് റോഡ് മാർക്കിംഗ്, റോഡ് സ്റ്റഡ്സ് , ദിശാബോർഡുകൾ, വിവിധ തരത്തിലുള്ള സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.