കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് ക്യാമ്പസ്സിനുള്ളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. കാഞ്ഞിരപ്പള്ളി പോലീസ് ആണ് കണ്ടാൽ അറിയാവുന്ന 50 വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സർക്കാർ ചീഫ് വിപ്പിനെയും ഡി വൈ എസ് പി യെയും തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കാഞ്ഞിരപ്പള്ളി പോലീസ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാർത്ഥി പ്രതിഷേധത്തിൽ ചർച്ചയ്ക്ക് എത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും കോളേജ് ക്യാമ്പസ്സിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ല എന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മന്ത്രിമാരുടെ ഉറപ്പിനെ തള്ളിയാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി പോലീസ് കേസ് എടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കില്ല എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കും പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി പോലീസിന്റെ നടപടി ശ്രദ്ധയിൽപ്പെട്ട ജില്ലാ പോലീസ് മേധാവി സംഭവത്തിൽ അന്വേഷിച്ചു തീരുമാനം എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.