എന്റെ കേരളം മേള: വിൽപ്പന പൊടിപൊടിച്ചു, വിപണന സ്റ്റാളുകളിൽ വരുമാനം കുതിച്ചുയർന്നു.


കോട്ടയം: കോട്ടയം നാഗമ്പടം മൈതാനത്തു നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിപണന സ്റ്റാളുകളിൽ വിൽപ്പന പൊടിപൊടിച്ചു, വിപണന സ്റ്റാളുകളിൽ വരുമാനം കുതിച്ചുയർന്നു. സ്റ്റാളുകൾ സന്ദർശിക്കുന്നതിനും ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഓരോ ദിനവും തിരക്കേറുകയായിരുന്നു. കുടുംബശ്രീ, വ്യവസായ വാണിജ്യ വകുപ്പ്, കർഷക ക്ഷേമ കാർഷിക വികസന വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങിയവയുടെ വിപണന സ്റ്റാളുകളിലാണ് തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്. 132 വിപണന സ്റ്റാളുകളായിരുന്നു മേളയിലുള്ളത്. എന്റെ  കേരളം പ്രദർശന വിപണന മേളയിൽ കുടുംബശ്രീയുടെ വിപണന സ്റ്റാളുകൾ ആറു ദിവസം കൊണ്ടു നേടിയത് 15,30,105 രൂപയാണ്. മേയ് 21 വരെയുള്ള കണക്കാണിത്. ഒന്നാം ദിവസം 1,31,739 രൂപ, രണ്ടാം ദിവസം 2,24,902 രൂപ ,മൂന്നാം ദിവസം 2,37,220 രൂപ, നാലാം ദിവസം  2,74,253 രൂപ, അഞ്ചാം ദിവസം 3,02,941 രൂപ, ആറാം ദിവസം 3,59,050 രൂപ  എന്നിങ്ങനെയാണ് യഥാക്രമം മറ്റ് ദിവസങ്ങളിലെ വരുമാനം. ആറാം ദിനമാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത് 35,9050 രൂപ. 25 വിപണന സ്റ്റാളുകളാണ്  കുടുംബശ്രീ മേളയിൽ ഒരുക്കിയിരുന്നത്. ചക്ക,വാഴ , കപ്പ തുടങ്ങി നിരവധി മൂല്യ വർധിത ഉത്പന്നങ്ങൾ, ഹെർബൽ പ്രോഡക്ടുകൾ,ജൈവ വളങ്ങൾ, തുണിത്തരങ്ങൾ, വീട്ടു ഉപകരണങ്ങൾ,സോപ്പുപൊടി,ഡിഷ് വാഷ് , അലങ്കാര വസ്തുക്കൾ തുടങ്ങി ഒട്ടനവധി ഉത്പന്നങ്ങളാണ്  കുടുംബശ്രീയുടേതായി മേളയിൽ തിളങ്ങിയത്.  ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്‌തെടുത്ത പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ചിപ്പ്‌സ്, അച്ചാറുകൾ, കറിപൗഡറുകൾ, മഞ്ഞൾ പൊടി, വെളിച്ചെണ്ണ, വസ്ത്രങ്ങൾ, കത്തികൾ, പാത്രങ്ങൾ, വൃത്തിയാക്കുന്നതിനുള്ള ലോഷനുകൾ, തുടങ്ങിയവയാണ് കുടുംബശ്രീ സ്റ്റാളുകളിൽ നിന്ന് വിറ്റഴിക്കപ്പെട്ടത്. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള 56 സ്റ്റാളുകളിലെ 77 യൂണിറ്റുകളിൽ നിന്നായി പ്രതിദിനം അഞ്ച് ലക്ഷത്തോളം രൂപയുടെ വിൽപ്പനയാണ് ലഭിച്ചത്. ബയോഗ്യാസ് പ്ലാന്റ്, മുറ്റം മനോഹരമാക്കുന്നതിനുള്ള ടൈലുകൾ, കയർ, ചകിരി, തടി തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കൾ, സ്‌ക്വാഷ്, ഖാദിഗ്രാമം ഉത്പന്നങ്ങൾ, പാളപാത്രങ്ങൾ, സോളാർ ഹീറ്ററുകൾ, ചക്ക മുറിക്കുന്നതിനുള്ള ഉപകരണം, 20 അടി നീളം കൂട്ടാനാകുന്ന തോട്ടി, അലങ്കാര ചെടികൾ, മൺകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള കോഴിക്കുഞ്ഞുങ്ങൾ, മുട്ട, കോഴിവളം തുടങ്ങിയവും മത്സ്യഫെഡ്, കേരള ഫീഡ്‌സ്, റബ്‌ക്കോ, ഫിഷറീസ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങിയവയുടെ ഉത്പന്ന വിപണന സ്റ്റാളുകളും മേളയിലുണ്ടായിരുന്നു. കുടുംബശ്രീയുടെ ഫുഡ് കോർട്ട് 20,98,190 രൂപയുടെ വിൽപ്പന നടത്തി. ആദ്യദിനം 1,69,590 രൂപയും, രണ്ടാം ദിനം 2,47,230 രൂപയുമാണ് വരുമാനം ലഭിച്ചത്.  2,92,530 രൂപ, 3,45,070 രൂപ, 3,55,160 രൂപ, 3,39,660 രൂപ,  3,48,950 രൂപ എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും അഞ്ചും ആറും ഏഴും ദിവസങ്ങളിലെ വരുമാനം. വൈവിധ്യമാർന്ന തനത് രുചിക്കൂട്ടുകളൊരുക്കിയാണ് കുടുംബശ്രീ ഭക്ഷണ പ്രേമികളെ വരവേറ്റത്. തലശേരി ബിരിയാണി, കപ്പ ബിരിയാണി, ഹൈദരാബാദ് ബിരിയാണി, കാന്താരി ചിക്കൻ, വിവിധയിനം ജ്യൂസുകൾ എന്നിവയ്‌ക്കെല്ലാം പുറമെ കരിഞ്ചീരക കോഴിയായിരുന്നു മേളയിലെ പ്രധാന ആകർഷണം. കോട്ടയത്തിന്റെ കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡും മേളയിൽ ഉണ്ടായിരുന്നു. പിടിയും കോഴിയും മേളയിൽ രുചി പെരുമ തീർത്തു. വിവിധ ജില്ലയിൽ നിന്നുള്ള വിഭവങ്ങൾക്ക് പുറമേ ഹൈദരാബാദി ബിരിയാണി, ലസ്സി, ചോലെ ബട്ടൂര, ബഡാ പാവ്, ബട്ടർ പാവ് ബജി, തുടങ്ങിയ വെജിറ്റേറിയൻ വിഭവങ്ങളും നൂഡിൽസ്, ചിക്കൻ, വെജ് - ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ മോമോസ്, സ്പ്രിംഗ് പൊട്ടറ്റോ, ഭേൽപൂരി, സേവ്പൂരി എന്നിവയും ഫുഡ് കോർട്ടിൽ വിളംബി. മുന്തിരി ,പൈനാപ്പിൾ,പച്ചമാങ്ങ കാന്താരി ജ്യൂസ് എന്നിങ്ങനെ വിവിധജ്യൂസുകളും ഫുഡ് കോർട്ടിൽ ഉണ്ടായിരുന്നു. പല രുചികളിലുള്ള ഐസ്‌ക്രീമും ആയി മിൽമയും സ്റ്റാൾ ഒരുക്കി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായ കുടുംബശ്രീ ഫുഡ് കോർട്ടിൽ ആയിരക്കണക്കിനുപേരാണ് രുചിപ്പെരുമ ആസ്വദിക്കാനെത്തിയത്. ഫുഡ് കോർണറിൽ ഒരുക്കിയ മിൽമ സ്റ്റാളിൽ  1.50 ലക്ഷം രൂപയുടെ വിറ്റ് വരവ് ആണ് ലഭിച്ചത്. മിൽമ ഉൽപന്നങ്ങളായ ഐസ് ക്രീം, വിവിധയിനം  ജ്യൂസുകൾ, പേട, ഗുലാബ് ജാമുൻ, സാലഡ് മിക്‌സ്, നെയ്യ്, മിഠായികൾ തുടങ്ങിയവ സ്റ്റാളിൽ വിറ്റഴിച്ചു . ഉദ്ഘാടന ദിവസം 19,500  രൂപ, രണ്ടാം ദിവസം 24,300 രൂപയും ലഭിച്ചു.  21നാണ് ഏറ്റവും കൂടുതൽ വിപണനം നടന്നത് - 30,500 രൂപ. മേളയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടത്തിയ  സ്റ്റാളുകളിൽ 49,36, 864 രൂപയുടെ വിൽപ്പന നടന്നു. 132 വിപണന സ്റ്റാളുകളാണ് വകുപ്പ് ഒരുക്കിയത്. ഇവയിൽ 77 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി അനുവദിച്ച 59 സ്റ്റാളുകളിൽ നിന്ന് 27,14,130 രൂപയുടെ വിറ്റുവരവ് ലഭിച്ചു. മേളയിൽ അണിനിരന്ന കുടുംബശ്രീ മിഷന്റെ  27 വിപണന സ്റ്റാളുകൾ, കൃഷിവകുപ്പിന്റെ 15 വിപണന സ്റ്റാളുകൾ, സഹകരണ വകുപ്പിന്റെ അഞ്ചു വിപണന സ്റ്റാളുകൾ, റബ്‌കോ, ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ്, മണർകാട് റീജിയണൽ ഫോൾട്രി ഫാം, ഫോറസ്റ്റ് ഡെവലപ്പ് മെന്റ് കോർപ്പറേഷൻ, കയർ കോർപ്പറേഷൻ, കയർ ഫെഡ്, ഓയിൽ പാം, കൺസ്യൂമർ ഫെഡ്, ഖാദി, കേരള ഫീഡ്‌സ്, പ്ലാന്റേഷൻ കോർപ്പറേഷൻ, ഹോർട്ടികോർപ്പ്  സ്റ്റാളുകൾ എന്നിവയിൽ 22,22,734 രൂപയുടെ വിൽപ്പന നടന്നു. സംരംഭകർക്ക് വിപണി ഉറപ്പ് വരുത്തുന്നതിന് ബി റ്റു ബി മീറ്റിലൂടെ 24,37,527 രൂപയുടെ ഓർഡറുകൾ വിവിധ സ്ഥാപനങ്ങൾക്കും സംരംഭകർക്കും ലഭിച്ചു. കൂടാതെ പുതിയതായി സംരംഭം ആരംഭിക്കാൻ താൽപര്യമുള്ള സംരംഭകർക്ക്  റിപ്പോർട്ട് തയ്യാറാക്കി നൽകുന്ന ഡി.പി.ആർ.  ക്ലിനിക്കിലൂടെ 19 സംരംഭങ്ങൾക്ക് 2.29 കോടി രൂപ ആകെ പദ്ധതി ചെലവ് വരുന്ന പ്രോജക്ട് റിപ്പോർട്ടുകളും തയ്യാറാക്കി.