കേരളത്തിന് അഭിമാനമായി കോട്ടയം സ്വദേശിനി! സിവി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷയിൽ ആ​റാം റാ​ങ്ക് സ്വ​ന്ത​മാ​ക്കി മലയാളികളിൽ ഒന്നാമതായി കോട്ടയം പാലാ സ്വദേശിനി.


കോട്ടയം: 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനമായി കോട്ടയം സ്വദേശിനി. സിവി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷയിൽ ആ​റാം റാ​ങ്ക് സ്വ​ന്ത​മാ​ക്കി മലയാളികളിൽ ഒന്നാമതായി കോട്ടയം പാലാ സ്വദേശിനി. കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയായ ഗഹനയാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുമ്പോൾ വനിതാരത്നങ്ങളുടെ തിളക്കത്തിലാണ്. ആദ്യ 4 റാങ്കുകളും കരസ്ഥമാക്കിയിരിക്കുന്നത് വനിതകളാണ്. വി.എം.ആര്യ (റാങ്ക് 36), അനൂപ് ദാസ് (റാങ്ക് 38), എസ്. ഗൗതം രാജ് (റാങ്ക് 63) എന്നിങ്ങനെയാണ് ആദ്യ നൂറ് റാങ്കിലുള്ള മറ്റു മലയാളികൾ. 



പാലാ പുലിയന്നൂര്‍ സ്വദേശികളും പാലാ സെൻറ് തോമസ് കോളേജ്  അധ്യാപകന്‍ ജെയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളായ ഗഹന നവ്യ ജെയിംസാണ് സംസ്ഥാനതലത്തിൽ ഒന്നാമത് എത്തിയിരിക്കുന്നത്. റാങ്ക് വിവരം അറിഞ്ഞതോടെ ആഘോഷത്തിലാണ് കുടുംബാംഗങ്ങൾ. പാലാ സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. 



പാലാ ചാവറ സ്കൂൾ, പാലാ സെൻ മേരിസ് സ്കൂൾ, പാല അൽഫോൻസാ കോളേജ്, പാലാ സെൻറ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുവൈറ്റിലെ മുൻ ഇന്ത്യൻ അംബാസിഡറും ഇപ്പോൾ ജപ്പാനിലെ അംബാസിഡറും ആയ സിബി ജോർജിൻറെ സഹോദരി പുത്രിയാണ് ഗഹന.