കോട്ടയം: ലൈഫ് ഭവന പദ്ധതിയില്‍ 7.5 കോടിയോളം രൂപ മുടക്കി സര്‍ക്കാര്‍ കോട്ടയം വിജയപുരത്ത് നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ഛയത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. താക്കോല്‍ കൈമാറ്റം സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. ഇതോടെ കോട്ടയം ജില്ലയിലെ 42 കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്.

 

 കോട്ടയം വിജയപുരത്ത് മീനടത്ത് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ 44 ഫ്‌ളാറ്റുകളില്‍ ഒരെണ്ണം അങ്കണവാടിയും, മറ്റൊന്ന് വയോജന കേന്ദ്രവുമാണ്. വിജയപുരം പഞ്ചായത്ത് എല്‍ഡിഎഫ് ഭരിച്ചിരുന്ന കാലത്താണ് ഫ്‌ളാറ്റ് നിര്‍മ്മിക്കാനുള്ള പൊന്‍പള്ളി ചെമ്പോലയിലെ ഭൂമി കണ്ടെത്തി സര്‍ക്കാരിന് കൈമാറിയത്. 2 വര്‍ഷം കൊണ്ട് കോട്ടയം ജില്ലയില്‍ മാത്രം 3228 വീടുകളാണ് ലൈഫ് മിഷന്‍ നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. 

പദ്ധതി ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെ 12,638 വീടുകള്‍ പൂര്‍ത്തിയാക്കി.1300ലധികം വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇത്തവണ 4867 വീടുകല്‍കൂടി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 2500 ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പിട്ടു. കൂടാതെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തിയ ഭൂരഹിത-ഭവനരഹിതരായ 40 പേര്‍ക്ക് വീടുവയ്ക്കാനുള്ള കരാറും ഒപ്പിട്ടുകഴിഞ്ഞു.