500 വർഷത്തെ പഴക്കം! 300 കുടുംബങ്ങൾക്ക് കൊടും വേനലിലും ദാഹജലം നൽകി കോട്ടയത്തെ 'കമല നീരാഴി'.


കോട്ടയം: വേനൽ കടുത്തതോടെ ജില്ലയിലെ പ്രധാന ജലാശയങ്ങളും കൈത്തോടുകൾ പോലും വറ്റിവരണ്ടുണങ്ങിയപ്പോൾ ദാഹജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ 300 കുടുംബങ്ങൾക്ക് കൊടും വേനലിലും ദാഹജലം നൽകുകയാണ് കോട്ടയത്തെ 'കമല നീരാഴി'. കോട്ടയം പള്ളത്ത് സ്ഥിതി ചെയ്യുന്ന കുളമാണ് കമല നീരാഴി. 

അഞ്ഞൂറു വർഷങ്ങൾക്ക് മുമ്പ് തെക്കുംകൂർ രാജഭരണകാലത്ത് നിർമ്മിച്ചതാണ് ഈ കുളം എന്നാണു പഴമക്കാർ പറയുന്നത്. കമലനീരാഴി താമരപ്പൂവിന്റെ ആകൃതിയുള്ള കുളമാണ്. നല്ല തെളിഞ്ഞ ശുദ്ധജലമാണ്. വർഷങ്ങൾക്ക് മുൻപാണ് കുളം രാജകുടുംബം ജലവിതരണ വിഭാഗത്തിന് കൈമാറിയത്. തുടർന്ന് കോട്ടയം നഗരസഭ മുനിസിപ്പൽ കുടിവെള്ള പദ്ധതി പ്രകാരം കുളത്തിൽനിന്ന് ഇപ്പോൾ വെള്ളം പമ്പു ചെയ്യുന്നുണ്ട്. താമരക്കുളം എന്ന് നാട്ടുകാർ വിളിക്കുന്ന കമലനീരാഴിക്ക് മേൽഭാഗത്തെ പുറംഭിത്തി വൃത്താകൃതി ആണെങ്കിലും താമരയുടെ ഇതളുകൾ പോലെ ചെങ്കല്ല് അടുക്കി കെട്ടിയുണ്ടാക്കിയ ഉൾഭാഗമാണുള്ളത്. 

തെക്കുംകൂറിന്റെ കാലശേഷം AD 1790 ൽ മലബാറിൽ നിന്നും അഭയാർത്ഥികളായി തിരുവിതാംകൂറിലെത്തിയ പരപ്പനാട്ടു രാജവംശത്തിന്റെ പിന്മുറക്കാരുടെ അധിനതയിലായി കമലനീരാഴിയും മറ്റും. തോടിന്റെയും വയലുകളുടെയും സാമീപ്യമുള്ള കമലനീരാഴി ഇന്നും ജലസമൃദ്ധമാണ്. എന്നാൽ അമ്ലഗുണം ഒട്ടുമില്ലാത്ത ശുദ്ധമായ കുടിവെള്ളമാണ്.  കമലനീരാഴിയുടെ തെക്കുപടിഞ്ഞാറായി ഇടത്തിൽ കുളവുമുണ്ട്. തെക്കുംകൂറിന്റെ പരദേവതയായ ചെറുവള്ളിക്കാവിൽ ഭഗവതിയുടെ ക്ഷേത്രം ഇതിന് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ദീർഘചതുരാകൃതിയായ ഇടത്തിൽ കുളം ക്ഷേത്രക്കുളമായി ഉപയോഗിക്കുന്നു. 

കോട്ടയം നഗരസഭയിലെ നാല്പതാം വാർഡിലാണ് ഈ ചരിത്ര പ്രാധാന്യമുള്ള കുളം സ്ഥിതി ചെയ്യുന്നത്. വെള്ളം വിതരണം ചെയ്യുന്നത് തങ്കമ്മ എന്ന പമ്പ് ഓപ്പറേറ്ററാണ്. 7 സെന്റോളം വരുന്ന സ്ഥലത്താണ് ഈ താമരക്കുളം സ്ഥിതി ചെയ്യുന്നത്. വീടുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്നതിന് മീറ്ററോ ഫീസോ ഇല്ല, എന്നാൽ പമ്പ് ഓപ്പറേറ്റർക് 100 രൂപ വീതം നൽകണം.