കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള സുഗമമായ യാത്രാ മാർഗം, ഇത് കോട്ടയത്തെ ലൈഫ് ലൈൻ റോഡ്!


കോട്ടയം: ഇത് കോട്ടയത്തെ ലൈഫ് ലൈൻ റോഡ്. തിരക്കേറിയ എം സി റോഡിൽ നിന്ന് ഇത് വഴിയാണ് നൂറുകണക്കിന് ആംബുലൻസുകളും മറ്റ് വാഹനങ്ങളും രോഗികളുമായി മെഡിക്കൽ കോളേജിലേക്ക് എത്തിയിരുന്നത്. ഗാന്ധിനഗർ മുതൽ മെഡിക്കൽ കോളജ് ജംഗ്ഷൻ വരെ നീളുന്ന റോഡിന് 2 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഇതിന്റെ ദുരവസ്ഥ വലിയ പ്രശ്‌നമായിരുന്നു. ഇതിനെ മറികടക്കുന്നതിനാണ് പുതിയ റോഡിന്റെ  പണി പൂർത്തിയാക്കിയത്.

 

12 മീറ്റർ ടാറിങ് റോഡും ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാതയും ഉൾപ്പെടെ 16 മീറ്റർ വീതിയാണ് റോഡിനുള്ളത്. കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള സുഗമമായ യാത്രാ മാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 121 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി അനുവദിച്ചത്. ഇതിൽ നിന്നാണ് ഈ റോഡിനും തുക കണ്ടെത്തിയത്. രണ്ട് വരി പാത, 8 കാത്തിരിപ്പു കേന്ദ്രങ്ങൾ, ഇരു വശങ്ങളിലും നടപ്പാത, ആവശ്യമുള്ള ഭാഗങ്ങളിൽ ബാരിക്കേഡ് എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങളിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷാ, ദിശാ ബോർഡുകളും സ്ഥാപിച്ചു. റോഡ് നിർമാണത്തിന്റെ ഭാഗമായി നൂറിലേറെ പാഴ്മരങ്ങളടക്കം മുന്നൂറ്റി അൻപതിലധികം മരങ്ങൾ വെട്ടി മാറ്റിയിരുന്നു. അതിനാൽ റോഡിലേക്ക് പഴയ പച്ചപ്പ് തിരികെ എത്തിക്കാനുള്ള നടപടികളും ഉണ്ടാകും.

 

 പൂങ്കാവനം റോഡിന്റെ നിർമാണ ജോലികൾക്ക് ശേഷം വിവിധ സംഘടനകളുടെയും  തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിൽ റോഡിനിരുവശവും  സൗന്ദര്യവൽക്കരണം നടപ്പിലാക്കും. വനവൽക്കരണത്തിന്റെ ഭാഗമായി ഇവ നട്ടു പിടിപ്പിക്കുമെങ്കിലും എല്ലാം റോഡ് അരികിലാകില്ല. കൽക്കെട്ടിനും റോഡിനും ഭീഷണി ഉണ്ടാകാത്ത നിലയിലുള്ള മരങ്ങൾ ഗതാഗത മാർഗങ്ങൾ തടസ്സമാകാത്ത വിധം നട്ടുപിടിപ്പിക്കും. അതോടെ മനോഹരമായ ഒരു റോഡായി ഇതുമാറും. 

ഇതിനൊപ്പം എം സി റോഡിന്റെ സമാന്തര പാതയായ കുടയം പടി ചുങ്കം മെഡിക്കൽ കൊളേജ് റോഡിന്റെ റീടാറിങ്ങ് നടന്നു കൊണ്ടിരിക്കുകയാണ്. അതുകൂടി കഴിയുന്നതോടെ മധ്യകേരളത്തിലെ പ്രധാന മെഡിക്കൽ കൊളേജിലേക്കുള്ള പ്രാധാനപാതകൾ എല്ലാം പൂർണ്ണമായും സജ്ജമാവും.