കോട്ടയത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു, പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ.


കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ പറഞ്ഞു. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന കണ്ടെത്തിയ സാഹചര്യത്തിൽ ഇടപെടലുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.

 

 ജില്ലയിൽ ഈ മാസം 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ്. ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവരും കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ. നിർദേശിച്ചു. കരുതൽ ഡോസ് വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശുപത്രികൾ ഉൾപ്പെടെയുള്ള രോഗപകർച്ചാ സാധ്യത കൂടിയ സ്ഥലങ്ങളിൽ എല്ലാവരും മാസ്‌ക് ധരിക്കണം. 

കൈ കഴുകൽ, അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങളിലും ശ്രദ്ധവേണം. മൂന്നു ദിവസമായി കുറയാതിരിക്കുന്ന പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റിൽ 24ൽ കൂടുതൽ, രക്തത്തിൽ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിൽ കുറവ്, കടുത്ത ക്ഷീണം, പേശീവേദന, നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദന അഥവാ മർദ്ദം, ചുണ്ടിലോ മുഖത്തോ നീല നിറം എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.