ചങ്ങനാശേരി വാഴൂർ റോഡിലെ വാഹനാപകടം: ജസ്റ്റിയും കുടുംബവും അവധിക്ക് നാട്ടിലെത്തിയത് ഏതാനും ദിവസങ്ങൾക്കു മുൻപ്, ജസ്റ്റിറോസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ട


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാർ യാത്രികയ്ക്ക് ദാരുണാന്ത്യം. തൃക്കൊടിത്താനം കുന്നുംപുറം  സ്വദേശി ജെസ്‌വിന്റെ ഭാര്യ ജസ്റ്റി റോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്. കുവൈറ്റ്‌ മിനിസ്ട്രി ഓഫ് ഹെൽത്ത് ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന ജസ്റ്റി റോസ് ഭർത്താവ് ജെസ്‌വിൻ ജോൺ, മക്കളായ ജോവാൻ, ജോവാന എന്നിവർ ഫെബ്രുവരി 28 നാണു നാട്ടിലെത്തിയത്.

 

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഓട്ടോയിലും ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ജസ്റ്റിയുടെ ഭർത്താവ് ജെസ്‌വിൻ മക്കളായ ജോവാൻ,ജോൺ എന്നിവർക്കും ബൈക്ക് യാത്രികനായ കിടങ്ങറ സ്വദേശിയായ ജെറിൻ, ഓട്ടോ ഡ്രൈവർ രാജേഷ്, ഓട്ടോറിക്ഷ യാത്രികയായിരുന്ന അഞ്ജലി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

 

 കോ ഡ്രൈവർ സീറ്റിൽ ഇരിക്കുകയായിരുന്ന ജസ്റ്റിയുടെ വശത്തുള്ള ഡോറിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവും കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത്. ജസ്റ്റിയുടെ സഹോദരി പ്രിയമോളും കുവൈറ്റിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആണ്. 2 പിഞ്ചോമനകളെ തനിച്ചാക്കി ജസ്റ്റിറോസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.