കോട്ടയം ജില്ലയിൽ ഈ സാമ്പത്തികവർഷം ഡിസംബർ വരെ വിവിധ ബാങ്കുകൾ നൽകിയത് 15,232 കോടി രൂപയുടെ വായ്പ.


കോട്ടയം: കോട്ടയം ജില്ലയിൽ ഈ സാമ്പത്തികവർഷം ഡിസംബർ വരെ വിവിധ ബാങ്കുകൾ നൽകിയത് 15,232 കോടി രൂപയുടെ വായ്പ. കാർഷിക മേഖലയിൽ 5,876 കോടിയും സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ 2,325 കോടിയും വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയിൽ 964 കോടി വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ അടങ്ങുന്ന മുൻഗണനേതര വിഭാഗത്തിൽ 6,066 കോടി രൂപയും വായ്പ നൽകി.

 

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കോട്ടയത്തു നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിന്റേതാണ് വിലയിരുത്തൽ. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർ പ്രാരംഭസമയത്ത് സാമ്പത്തിക അച്ചടക്കം പാലിച്ചാൽ പ്രതിസന്ധികളെ തരണം ചെയ്യുനാകുമെന്നും സംരംഭം വിജയകരമായി നടത്താനാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ബാങ്കുകൾ മൊത്തം വിതരണം ചെയ്ത വായ്പയിൽ 9,166 കോടി രൂപ മുൻഗണന വിഭാഗത്തിലാണെന്ന് എസ്.ബി.ഐ. റീജണൽ മാനേജർ ബിജേഷ് ബാലൻ പറഞ്ഞു. ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പാ നീക്കിയിരിപ്പ് 30,782 കോടിയും നിക്ഷേപ നീക്കിയിരിപ്പ് 59,126 കോടിയുമാണ്.

 

 കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷാ പദ്ധതികളായ എപിവൈ, പി.എംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവ ജില്ലയിലെ എല്ലാവരിലേക്കും എത്തിക്കുന്ന 'ഒപ്പം - കൂടെയുണ്ട് കരുതലായ്'പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, ആർ.ബി.ഐ. എൽ.ഡി.ഒ എ.കെ. കാർത്തിക്, നബാർഡ് എ.ജി.എം. റെജി വർഗീസ്, ആർസെറ്റി ഡയറക്ടർ സുനിൽ ദത്ത്, സർക്കാർ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.