കൊടും വേനലിന്റെ വരവറിയിച്ച് ജില്ലയിലെ ജലാശയങ്ങൾ വരണ്ടുണങ്ങുന്നു, മീനച്ചിലാറും മണിമലയാറും ഇടമുറിഞ്ഞു, കിഴക്കൻ മേഖലകൾ വരണ്ടു തുടങ്ങി.


മുണ്ടക്കയം: കൊടും വേനലിന്റെ വരവറിയിച്ച് ജില്ലയിലെ ജലാശയങ്ങൾ വരണ്ടുണങ്ങുന്നു. വേനൽ മഴ ലഭിക്കാതായതോടെയും ചൂട് കനത്തത്തോടെയും ജില്ലയിലെ ജലാശയങ്ങൾ വറ്റിത്തുടങ്ങി. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. 

ജില്ലയിലെ മിക്ക ചെറു തൊടുകളിലെയും വെള്ളം ഇതിനോടകം തന്നെ വറ്റിക്കഴിഞ്ഞു. മീനച്ചിലാറും മണിമലയാറും വിവിധ ഭാഗങ്ങളിൽ ഇടമുറിയുന്നുണ്ട്. ഇനിയും വേനൽ മഴ ലഭിക്കാതെ വന്നാൽ വരാനിരിക്കുന്നത് കടുത്ത വേനലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ ജനങ്ങൾ ആശങ്കയിലാണ്. കൃഷിക്കാരാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. 

മഴ ലഭിക്കാതെ വന്നാൽ കൃഷികൾ മുഴുവൻ കരിഞ്ഞുണങ്ങി പോകുമെന്നും കർഷകർ പറയുന്നു. അതോടൊപ്പം ക്ഷീരകർഷകരും മഴ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും തടയണകൾ ഉള്ള മേഖലകളിലും കയങ്ങളിലും മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. ജില്ലയുടെ കിഴക്കൻ മേഖലകൾ ഇതിനോടകംതന്നെ വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു.