റേഷൻ കടകൾ സംബന്ധിച്ച പരാതി നൽകാം: കോട്ടയം ജില്ലയിലെ 926 റേഷൻകടകളിലും വിജിലൻസ് സമിതി.


കോട്ടയം: കോട്ടയം ജില്ലയിലെ 926 റേഷൻ കടകളിലും റേഷൻകട തലത്തിലുള്ള വിജിലൻസ് കമ്മിറ്റി രൂപീകരിച്ചെന്നും റേഷൻ കടകൾ സംബന്ധിച്ച പരാതി കമ്മിറ്റികളിൽ നൽകാമെന്നും സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ നേതൃത്വത്തിലുള്ള ജില്ലാതല അവലോകന യോഗം അറിയിച്ചു. 

ഇതുവഴി പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കാൻ സാധിക്കുമെന്നു കമ്മിഷൻ പറഞ്ഞു. ജില്ലയിൽ ആദിവാസി മേഖലയിൽ  3668 ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമുണ്ടെന്നും ഇവർക്ക് ഒരാൾക്ക് 150 ഗ്രാം എന്ന തോതിൽ 30 ദിവസത്തേക്ക് 4.50 കിലോഗ്രാം തെറാപ്യൂട്ടിക് ഭക്ഷണവിതരണം ആരംഭിച്ചതായും യോഗത്തെ അറിയിച്ചു. ഭക്ഷ്യകമ്മിഷൻ അംഗം സബിദാ ബീഗം യോഗത്തിൽ അധ്യക്ഷത വഹിച്ചു. 

ജില്ലാ പരാതി പരിഹാര ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ സപ്‌ളൈ ഓഫീസർ വി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.