ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനം നാളെ.


ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഏഴരപ്പൊന്നാന ദർശനം നാളെ. നാളെ രാത്രി 12 മണിക്കാണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ദർശനവും വലിയ കാണിക്കയും. മാർച്ച് 2 ന് ആറാട്ടോടെയാണ് ഉത്സവം അവസാനിക്കുന്നത്. എട്ടാം ഉത്സവദിനമായ 28 നു പത്മശ്രീ ജയറാമിന്റെയും സംഘത്തിന്റെയും സ്‌പെഷ്യൽ പഞ്ചാരിമേളം നടക്കും. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമെത്തുന്ന ഉത്സവനാളുകൾ ആഘോഷമാക്കാനൊരുങ്ങുകയാണ് ഏറ്റുമാനൂർ. നാടും നഗരവും ഒരേ മനസ്സോടെ, ഭക്തിയിലും വിശ്വാസത്തിലും ഒരേപോലെ കൊണ്ടാടുന്ന പത്ത് ദിവസങ്ങളാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഓരോ ഉത്സവകാലവും.

 

 കുംഭമാസത്തിൽ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയും ഉത്സവവും തന്നെയാണ്. കുംഭത്തിലെ ചതയം ദിനത്തില്‍ കൊടിയേറുന്ന ഏറ്റുമാനൂർ ഉത്സവത്തിന്‍റെ ആറാട്ട് തിരുവാതിര ദിനത്തിൽ ആണ് നടക്കുന്നത്. എട്ടാമത്തെ ഉത്സവദിവസമായ വെളുത്ത പക്ഷത്തിലെ രോഹിണി ദിനത്തിൽ അര്‍ധരാത്രിയിലാണ് ഏഴരപ്പൊന്നാനകളെ പുറത്തെഴുന്നള്ളിക്കുന്നത്. മാർച്ച് രണ്ടാം തിയതിയാണ് പ്രസിദ്ധമായ ആറാട്ട്. പേരൂരിലെ മീനച്ചിലാറ്റിലാണ് ആറാട്ട് നടക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റുമാനൂരപ്പന്‍റെ സന്നിധിയിലെ ഏഴരപ്പൊന്നാനകളെ കാണുന്നതിനോളം സാഫല്യവും പുണ്യവും മറ്റൊന്നിനും നല്കുവാൻ സാധിക്കില്ല. എട്ടാം ഉത്സവദിനത്തിൽ രാത്രി 12 മണി മുതല്‍ ദര്‍ശനം സാധ്യമാകും. 

അഷ്ടദിഗ്ഗജങ്ങളായ ഐരാവതം, പുണ്ഡരീകം, കുമുദം, അഞ്ജന, പുഷ്പദന്തൻ, സുപ്രതീകൻ, സാർവഭൗമൻ, വാമനൻ എന്നിവരെ പ്രതിനിധീകരിക്കുന്നവരാണ് ഏഴരപ്പൊന്നാനകൾ എന്നാണ് വിശ്വാസം. വർഷത്തിൽ കുംഭമാസത്തിലെ രോഹിണി ദിനത്തിൽ മാത്രമാണ് ഏഴരപ്പൊന്നാനകളെ ദർശിച്ച് പ്രാർത്ഥിക്കുവാനുള്ള അവസരം വിശ്വാസികൾക്കുള്ളത്. ആസ്ഥാനമണ്ഡപത്തിലെ എഴുന്നള്ളിപ്പിനും തുടർന്നുള്ള ആറാട്ടിനും മാത്രമായാണ് ഏഴരപ്പൊന്നാനകളെ പുറത്തെടുക്കുന്നത്. ഇത് ദർശിക്കുവാനും കാണിക്ക സമർപ്പണം നടത്തുവാനുമായും വിശ്വാസികൾ ഇവിടേക്ക് വരുന്നു. സകല ദേവന്മാരും ഈ സമയത്ത് ഇവിടെ എഴുന്നള്ളുമെന്നാണ് വിശ്വാസം. പ്രസിദ്ധമായ ആസ്ഥാനമണ്ഡപ ദർശനം നടക്കുന്നതും ഈ സമയത്ത് തന്നെയാണ്.

 പ്രത്യേകം തയ്യാറാക്കിയ ഒരു പീഠത്തില്‍ ഭഗവാന്‍റെ തിടമ്പ് കൊണ്ടുവരുന്നതോടെ ഈ ചടങ്ങുകൾക്ക് തുടക്കമാകും. ഇതിനു മുന്നിലാണ് വലിയ കാണിക്ക എന്നറിയപ്പെടുന്ന കാണിക്ക് വിശ്വാസികൾ ഏറ്റുമാനൂരപ്പന് സമർപ്പിക്കുന്നത്. കാണിക്കയിടുന്ന സമയത്ത് ഏഴരപ്പൊന്നാനകളെ ഇവിടേക്ക് കൊണ്ടുവരും. തിടമ്പിന്റെ വലതു ഭാഗത്ത് മൂന്ന് പൊന്നാനകളെയും ഇടതു ഭാഗത്ത് നാലു പൊന്നാനകളെയുമാണ് വയ്ക്കുക. അരപ്പൊന്നാനയെ തിടമ്പിന്‍റെ താഴെയാണ് സൂക്ഷിക്കുന്നത്.