അഖിലേന്ത്യാ കരകൗശല പ്രദർശനവും വിപണനമേളയും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.


കോട്ടയം: കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന അഖിലേന്ത്യാ കരകൗശല പ്രദർശനവും വിപണനമേളയും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വസ്ത്ര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കരകൗശലന വികസന കമ്മിഷണറുടെ കാര്യാലയവും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫയർ കോർപറേഷൻ കേന്ദ്രവും സംയുക്തമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. 

ഉദ്ഘാടനച്ചടങ്ങിൽ കരകൗശല വികസന കമ്മിഷണർ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ സി.വി. ധനൂർ അധ്യക്ഷത വഹിച്ചു. ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ കോർപറേഷൻ കേന്ദ്രം ജനറൽ സെക്രട്ടറി പി.ജി. തങ്കമ്മ, പ്രസിഡന്റ് ടി.പി. ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു. മേളയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കര കൗശല തൊഴിലാളികളുടെയും വിദഗ്ധരുടേയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കരകൗശല വൈദഗ്ധ്യത്തിന് ദേശീയ, സംസ്ഥാന പുരസ്‌കാരം നേടിയവർ ഉൾപ്പെടെ അൻപതോളം വിഗദ്ധരുടെ സ്റ്റാളുകളാണ് മേളയിലുള്ളത്. 

കശ്മീർ ഷാളുകൾ, ആപ്ലിക് വർക്ക്, ആഭരണങ്ങൾ, ആർട്ട് മെറ്റൽ വെയർ, ഹാൻഡ് പ്രിന്റ് ടെക്‌സ്‌റ്റെൽസ്, കലാപരമായ മൺപാത്രങ്ങൾ, തുകൽ വസ്തുക്കൾ, ചണം കരകൗശല വസ്തുക്കൾ, പരവതാനിയും മറ്റു ഫ്‌ളോർ കവറുകളും, പ്രിന്റഡ് ബെഡ് ഷീറ്റും ഹാൻഡ് എംബ്രോയിഡറിയും, ചൂരൽ, മുള, തഴ, ഉണങ്ങിയ പുഷ്പഇനങ്ങൾ, മരംകൊത്തുപണികൾ, കല്ല് കൊത്തുപണികൾ, വെങ്കല ഉൽപന്നങ്ങൾ, ടെറാക്കോട്ട, പേപ്പർ ക്രാഫ്റ്റുകൾ, ഹാൻഡ് ബ്‌ളോക്ക് പ്രിന്റിങ്, സാരി, എംബ്രോയിഡറി, പ്രകൃതിദത്ത ഫൈബർ ഉൽപന്നങ്ങൾ, നാടൻ പെയിന്റുകൾ തുടങ്ങിയവയാണ് പ്രദർശനത്തിനും വിപണത്തിനും ഉള്ള പ്രധാന കരകൗശല വസ്തുക്കൾ. രാവിലെ 10 മണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. മേള ഫെബ്രുവരി 26 ന് സമാപിക്കും.