കോട്ടയം: പാലക്കാട് ജില്ലാ കലക്ടറായി കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി ഡോ. എസ്. ചിത്ര ചുമതലയേറ്റു. മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ചിത്രയ്ക്ക് ഔദ്യോഗിക ചുമതല കൈമാറി. തിങ്കളാഴ്ച രാവിലെ ജില്ലാ കലക്ടറുടെ ചേംബറില്‍ എത്തിയ ഡോ. എസ്. ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി.
ജില്ലാ സ്ഥാനം ഏല്‍ക്കുന്നതിനായി കലക്ടറേറ്റിലെത്തിയ ജില്ലാ കലക്ടറെ എ.ഡി.എം. കെ. മണികണ്ഠന്‍ സ്വീകരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയ്ക്കുള്ള യാത്രയയപ്പ് പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക അനുഭവങ്ങള്‍ പങ്കുവെച്ചു. എ.ഡി.എം കെ. മണികണ്ഠന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്, ഹുസൂര്‍ ശിരസ്തദാര്‍ രാജേന്ദ്രന്‍ പിള്ള, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ മറ്റക്കാട് കാഞ്ഞിരക്കാട് ഡോ. അരുണിന്റെ ഭാര്യയാണ് ഡോ. എസ്. ചിത്ര. നങ്ങ്യാര്‍കുളങ്ങര സൗപര്‍ണികയില്‍ ശ്യാമപ്രസാദ് ലീന ദമ്പതികളുടെ മകളാണ് ഡോ. എസ്. ചിത്ര. 2012-ല്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ചിത്ര ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്തും പിന്നീട് ഡോക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷവും പരീക്ഷകൾ എഴുതി. 2014 കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഡോ.ചിത്ര.
കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് സര്‍ജന്‍(2014), കൊല്ലം അസിസ്റ്റന്റ് കലക്ടര്‍, സബ് കലക്ടര്‍(2016-18), സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍(2018-20), ലേബര്‍ കമ്മീഷണര്‍ (2020-22) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം.ഡി എന്നിവ ആയിരിക്കെയാണ് പാലക്കാട് ജില്ലാ കലക്ടറായി നിയമിതയാകുന്നത്.