കോട്ടയം: അമേരിക്കയിലെ ഹൂസ്റ്റണിൽ വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ സംസ്കാരം ഇന്ന്. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കൽ സെലസ്റ്റിന്റെ ഭാര്യ ഡോ.മിനി വെട്ടിക്കൽ(52) ആണ് വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.
മിനി സഞ്ചരിച്ചിരുന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മിനിയുടെ മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്ര വാഹന യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ക്കോട്ട് സ്ട്രീറ്റ്റിൽ വെച്ചാണ് അപകടം ഉണ്ടായത്. ഹൂസ്റ്റണിലെ മലയാളി സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു മിനി. അസുഖ ബാധിതരായി എത്തുന്നവർക്ക് ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ അപ്രതീക്ഷിത വിയോഗ വാർത്തയുടെ ഞെട്ടലിലാണ് എല്ലാവരും.
ബേയർ കോളേജ് ഓഫ് മെഡിസിനിൽ ഇന്റെർണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ആയിരുന്നു ഡോ. മിനി വെട്ടിക്കൽ. ഡോക്ടർ എന്നതിനുമപ്പുറം മോഡലും വ്ലോഗറും നർത്തകിയുമായിരുന്നു മിനി. രാമമംഗലം കിഴിമുറി കുന്നത്ത് കെ വി പൗലോസ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ് മിനി.
ചെറുപ്പകാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് മിനിയുടേത്. മെഡിസിൻ പഠനവും അമേരിക്കയിൽ ആയിരുന്നു. ഐ ടി എഞ്ചിനീയറാണ് ഭർത്താവ് സെലസ്റ്റിൻ. പൂജ, ഇഷ, ദിയ,ഡിലൻ,എയ്ഡൻ എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് ഒരു മണിക്ക് ഹൂസ്റ്റണിൽ നടക്കും.