കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ഒന്നര വയസുകാരനെ തിരികെ ലഭിച്ചത് മാതാവിന്റെ സമയോചിത ഇടപെടലിൽ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒന്നരവയസ്സുകാരനെ അജ്ഞാതൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 

ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ ഒന്നരവയസ്സുകാരൻ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അജ്ഞാതൻ കുട്ടിയുമായി പോകുന്നത് കണ്ടയുടനെ മാതാവ് പുറകേയോടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇയാൾ പെട്ടന്നുതന്നെ കടന്നു കളയുകയായിരുന്നു. മുഴുവൻ സമയവും സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയിലാണ് വീണ്ടും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. 

കഴിഞ്ഞ ജനുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒന്നര ദിവസം പ്രായമായ കുട്ടിയെ നേഴ്സ് എന്ന വ്യാജേന വാർഡിൽ എത്തിയ യുവതി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പുരുഷൻമാർക്കും സന്ദർശകർക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിൽ വെച്ചാണ് സംഭവം ഉണ്ടായിരിക്കുന്നത്.