കോട്ടയം: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ നിന്നും രണ്ടു വർഷങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കാനൊരുങ്ങുകയാണ് കോട്ടയം. ഇതിനോടകം തന്നെ ക്രിസ്മസ് വിപണി സജീവമായിക്കഴിഞ്ഞു.
കഴിഞ്ഞ ആഴ്ച മുതലാണ് ക്രിസ്മസ് വിപണി കൂടുതൽ ഉണർവ്വിലേക്ക് എത്തിയത്. നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും അലങ്കാര ബൾബുകളുമടക്കം ക്രിസ്മസ് ആഘോഷ സാധനങ്ങൾ വാങ്ങുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. രണ്ടു വർഷമായി ആഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നത് ഇത്തവണ വമ്പിച്ച ആഘോഷമാക്കി മാറ്റാനാണ് യുവതലമുറയുടെ തീരുമാനം.
ക്രിസ്മസ് കരോളുകൾ അടുത്ത ദിവസങ്ങളിലായി ആരംഭിക്കുന്നതോടെ ആഘോഷങ്ങളുടെ മാറ്റ് കൂടും. വിപണി ഉണർന്നതോടെ വ്യാപാരികളും സന്തോഷത്തിലാണ്. കഴിഞ്ഞ രണ്ടു വർഷമായി ആഘോഷങ്ങൾ കുറവായതിനാൽ വ്യാപാര മേഖലയിലും മാന്ദ്യമായിരുന്നു. ക്രിസ്മസിന് തലേന്ന് പടക്ക വിപണിയും സജീവമാകും.
ബേക്കറികളിൽ ഉൾപ്പടെ കേക്ക് മേളകൾ ആരംഭിച്ചു കഴിഞ്ഞു. വിവിധ തരം കേക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമായിക്കഴിഞ്ഞു. പള്ളികളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.