സന്നിധാനത്തെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്.


ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി ആരംഭിച്ചിരിക്കുന്നത്.

ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം. പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നുണ്ടോ, വൃത്തിഹീനമായിട്ടാണോ പാചകം, കൃത്യമായ രീതിയില്‍ മാലിന്യം നിര്‍മാര്‍ജനം നടത്തുന്നുണ്ടോ, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനാ സംഘം വിലയിരുത്തുന്നത്.

തീര്‍ഥാടകര്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ നല്ല ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ എട്ടിനു നടന്ന പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. സന്തോഷ് നേതൃത്വം നല്‍കി. സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ എസ്. വിനീത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി. ഗോപകുമാര്‍, എസ്.കെ. പ്രദീപ്, എസ്. ഷൈന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.