മസ്റ്ററിംഗ് അക്ഷയ വഴി മാത്രം!ഗുണഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം.


കോട്ടയം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രമാണ് നടത്തുന്നതെന്നും മറ്റ് ഏജൻസികളെയും സ്ഥാപനങ്ങളെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അക്ഷയ കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനായുള്ള ജീവൻ പ്രമാൺ ഡിജിറ്റൽ സർവീസ് ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നു എന്ന വ്യാജേന സ്വകാര്യ സ്ഥാപനങ്ങളും ഏജൻസികളും പണം വാങ്ങുന്നതായി പരാതികളുണ്ട്. ജീവൻ പ്രമാൺ മുഖേന മസ്റ്ററിംഗ് നടത്താനാവില്ല. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കൾക്കായി നടത്തിയിരുന്ന മസ്റ്ററിംഗ് ഇനിയും പൂർത്തായാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ട ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ മസ്റ്റർ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കു ന്നതിനായും എല്ലാ മാസവും ഒന്നു മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്.     

2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല എന്ന കാരണത്താൽ പെൻഷൻ തടയപ്പെട്ടവർക്ക് ഒക്‌ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ ലഭിക്കുന്നതിന് ഒരാഴ്ചക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യുന്നതിനായി 30 രൂപയും ഹോം മസ്റ്ററിംഗ് 130 രൂപയും ഗുണഭോക്താക്കൾ നേരിട്ട് വഹിക്കണം. അനധികൃതമായി പണം വാങ്ങുന്നവർക്കെതിരെ ഗുണഭോക്താക്കൾ ജാഗ്രത പുലർത്തണം.