കോട്ടയം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. ലഹരിവസ്തുക്കളും മയക്കുമരുന്നും യുവാക്കളെ ലൈംഗിക അരാജകത്വത്തിലേക്ക് എത്തിക്കുന്നുണ്ടെന്നും എയ്ഡ്സ് ദിനാചരണത്തോടൊപ്പം ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചേർപ്പുങ്കൽ ബിവിഎം കോളജിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. സിനിമാതാരം അഞ്ജുകൃഷ്ണ അശോക് മുഖ്യാതിഥിയായി. ബിവിഎം കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി എയ്ഡ്‌സ് ദിന സന്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ മുഖ്യ പ്രഭാഷണം നടത്തി. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലി എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാലാ ഡി.വൈ.എസ്.പി: എ.ജെ. തോമസ്, ബി.വി.എം കോളേജ് സോഷ്യൽ വർക്ക് വകുപ്പ് മേധാവി ഡോ. സിസ്റ്റർ ബിൻസി അറക്കൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ കോ-ഓർഡിനേറ്റർ ജിജി തോമസ്, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസർ സജോ ജോയി, എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജർ സി. ശ്രീമോഹൻ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന ജില്ലാതല ബോധവത്കരണ റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ഫ്ലാഗ് ഓഫ് ചെയ്തു. ബി.വി.എം കോളേജ്, മരിയൻ കോളേജ്, എൽ.എൽ.എം, മാർ സ്ലീവാ എന്നീ കോളേജുകളിലെ വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. ബി വി എം കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, റെഡ് റിബൺ ക്ലബ്, എച്ച്. ഡി.എഫ്.സി ബാങ്ക്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പാലാ ബ്ലഡ്ഫോറം ചെയർമാനും, പാലാ ഡി.വൈ.എസ്.പിയുമായ എ.ജെ തോമസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പതിനെട്ട് പേർ രക്തം ദാനം ചെയ്തു. രക്ത പരിശോധനയ്ക്കായി ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മൊബൈൽ മെഡിക്കൽ യൂണിറ്റും സജ്ജമാക്കിയിരുന്നു.