ആഫ്രിക്കൻ പന്നിപ്പനി: കോട്ടയത്തു രണ്ട് ഫാമിലായി 181 പന്നികളെ സംസ്‌കരിച്ചു.


കോട്ടയം: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ആർപ്പൂക്കര, മുളക്കുളം ഗ്രാമപഞ്ചായത്തുകളിലെ രണ്ട് സ്വകാര്യഫാമുകളിലെ 181 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു. ആർപ്പൂക്കരയിൽ പൂർണവളർച്ചയെത്തിയ 31 പന്നികളെയും ആറു മാസത്തിൽ താഴെയുള്ള 67 പന്നികളെയും മുളക്കുളത്ത് പൂർണവളർച്ചയെത്തിയ 50 പന്നികളെയും ആറു മാസത്തിൽ താഴെയുള്ള 33 പന്നികളെയുമാണ് കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രോട്ടോക്കോൾ പാലിച്ച് ദയാവധം നടത്തി സംസ്‌ക്കരിച്ചത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥീരികരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും ഉന്മൂലനം ചെയ്തു. ഫാമിലും  പരിസരത്തും പ്രത്യേക പ്രതിരോധ- അണുനശീകരണം നടത്തി. 

ഫാമിലെ പന്നികളുടെ മരണനിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ലബോറട്ടറിയിലേക്കും ബാഗ്ലൂരിലെ സതേൺ റീജണൽ ഡിസീസ് ഡയഗണോസ്റ്റിക് ലാബിലേക്കും അയച്ച സാമ്പിളുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരിയുടെ നേതൃത്വത്തിൽ ഡോ. ഫിറോസ്, ഡോ. ജേക്കബ് മാത്യു, ഡോ. സജി തോപ്പിൽ, ഡോ. ബിനോയ് ജോസഫ,് ഡോ. ബിന്ദു രാജ്, ഡോ. ശരത് കൃഷ്ണൻ, ഡോ.സുനിൽ. ബി, ഡോ.ബിനു ജോസിലിൻ, ഡോ.ജിംസി ജോസഫ് , ലൈവ് സ്‌റ്റോക് ഇൻസ്പെക്ടർ രജനി എന്നിവരടങ്ങുന്ന പ്രത്യേക ദൗത്യസംഘമാണ് പ്രതിരോധനടപടികൾ നിർവഹിച്ചത്. ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു