ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ 82 റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാക്കാൻ ഏറ്റെടുത്തതായും 20 റോഡുകൾ പൂർത്തീകരിച്ചതായും സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ- പുതുപ്പള്ളി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ-പുന്നത്തുറ റോഡിൽ മീനച്ചിലാറിനു കുറുകെയുള്ള കമ്പനിക്കടവ് പാലത്തിന്റെ പുനർനിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാരിത്താസ് ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡ് നിർമാണം ഡിസംബറിൽ ആരംഭിക്കും. ഏറ്റുമാനൂർ റിംഗ് റോഡിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ പാലം നിർമാണം എത്രയും വേഗം പൂർത്തിയാക്കുമെന്നും പാലം പൂർത്തിയാകും വരെ താത്കാലിക നടപ്പാലം നിർമിക്കണമെന്ന് നിർമാണചുമതലയുള്ള സതേൺ ടെക് കമ്പനിയോട് മന്ത്രി നിർദേശിച്ചു. പുതിയ കമ്പനിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ സിസിലി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഉമ്മൻ ചാണ്ടി എം.എൽ.എയുടെ കത്ത് അദ്ദേഹത്തിന്റെ അഭാവത്തിൽ സദസിൽ വായിച്ചു. അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, നഗരസഭാംഗം ഇ.എസ്. ബിജു, ഏറ്റുമാനൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ്. വിശ്വനാഥൻ, നഗരസഭാംഗം പ്രിയ സജീവ്, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, ഗ്രാമപഞ്ചായത്തംഗം ജോണി കുര്യൻ എടേട്ട്, കോട്ടയം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥൻ, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ചിറയിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്, ടോമി പുളിമാൻതുണ്ടം, ജോസ് ഇടവഴിക്കൽ, ടോമി നരിക്കുഴി, സുരേഷ് നായർ, പാലംനിർമാണ കമ്മറ്റി ജനറൽ കൺവീനർ പി.സി. വർഗീസ് എന്നിവർ പങ്കെടുത്തു.
10.9 കോടി രൂപ ചെലവിൽ 18 മാസത്തിനുള്ളിൽ പാലം നിർമിക്കാനാണ് പദ്ധതി. 11 മീറ്റർ വീതിയിലും 83.4 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമിക്കുക. 2.75 മീറ്റർ വീതി മാത്രമായിരുന്നു പഴയ പാലത്തിനുണ്ടായിരുന്നത്. കമ്പനിക്കടവ് പാലം പുതുക്കി നിർമിക്കുന്നതോടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അയർക്കുന്നം പുന്നത്തുറ ഈസ്റ്റും ഏറ്റുമാനൂർ നഗരസഭാ പരിധിയിലുള്ള പുന്നത്തുറ വെസ്റ്റും തമ്മിൽ സുഗമമായ ഗതാഗതം സാധ്യമാവും.