ചിറക്കടവ്: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ സ്‌കൂൾ കുട്ടികൾക്കായുള്ള കായിക പരിശീലന പരിപാടി ചിറക്കടവ് ജി.എൻ.എസ്. എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ശനിയും ഞായറും ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ ചിറക്കടവ്സനാതനം യു.പി. സ്‌കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 50 കുട്ടികളാണ് വിവിധ കായിക ഇനങ്ങളിലും കളികളിലും പരിശീലനത്തിലേർപ്പെടുന്നത്. കുട്ടികൾക്കുള്ള യൂണിഫോം, പരിശീലന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ.ടി. ശോഭന, നിർവഹണ ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസൽ, കായികപരിശീലകൻ കെ.എം. സുധീഷ് എന്നിവർ പ്രസംഗിച്ചു.